
ഹൈദരാബാദ്: നിയമവിരുദ്ധമായ ഓൺലൈൻ വാതുവെപ്പ് ആപ്പുകളുടെ പ്രമോഷനുമായി ബന്ധപ്പട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ആഗസ്റ്റ് 11ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ റാണ ദഗ്ഗുബാട്ടിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർദ്ദേശം നൽകി. ജൂലൈ 23ന് ചോദ്യം ചെയ്യാൻ ഹാജരാകാനായിരുന്നു ആദ്യം നിർദേശിച്ചത്. എന്നാൽ നടൻ ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.
ഓൺലൈൻ വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് ചെയ്തതായി ആരോപിച്ച് നിരവധി സിനിമ താരങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസിൽ ചോദ്യം ചെയ്യുന്നതിനായി റാണക്കൊപ്പം, നടന്മാരായ പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട എന്നിവരുൾപ്പെടെയുള്ളവർക്കും ഇ.ഡി സമൻസ് അയച്ചിരുന്നു. പ്രകാശ് രാജിനെ ജൂലൈ 30നും വിജയ് ദേവരകൊണ്ടയെ ആഗസ്റ്റ് ആറിനും ചോദ്യം ചെയ്യാനാണ് തീരുമാനം.
ഹൈദരാബാദ് പൊലീസ് സമർപ്പിച്ച എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ, കേസിൽ 29 സെലിബ്രിറ്റികൾക്കെതിരെ അന്വേഷണ ഏജൻസി നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബെറ്റിങ് ആപ്പ് പ്രൊമോട്ട് ചെയ്യുന്നതിലൂടെ വലിയ തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമുണ്ടോ എന്നുമാണ് ഇ.ഡി അന്വേഷിക്കുന്നത്. സിനിമാതാരങ്ങൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സ്, ലോക്കൽ ബോയ് നാനി എന്ന യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാർ എന്നിവർക്കെതിരെ നിലവിൽ ഇ.ഡി അന്വേഷണങ്ങൾ നടത്തിവരികയാണ്.
അതേസമയം, റാണ ദഗ്ഗുബതി തന്റെ ലീഗല്‍ ടീം വഴി പ്രസ്താവന പുറത്തിറക്കി. സ്കില്ലിനെ അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് ആപ്പുമായി തനിക്കുണ്ടായിരുന്ന ബന്ധം 2017ല്‍ അവസാനിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. 2016 ല്‍ ജംഗിള്‍ റമ്മിയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് നടന്‍ പ്രകാശ് രാജും വ്യക്തമാക്കിയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ കരാര്‍ അവസാനിപ്പിച്ചുവെന്നും അതിനുശേഷം റമ്മിയുമായി ബന്ധപ്പെട്ട ഒരു പ്ലാറ്റ്‌ഫോമിനെയും പ്രമോട്ട് ചെയ്തിട്ടില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.