മുംബൈ: പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനും പത്മഭൂഷൺ ജേതാവുമായ പ്രൊഫസർ ഏക്നാഥ് ചിറ്റ്നിസ് അന്തരിച്ചു. 100 വയസ്സായിരുന്നു. പൂനെയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.(Prof Eknath Chitnis passes away )
ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ ആദ്യ സംഘത്തിലെ പ്രധാനികളിലൊരാളായിരുന്നു പ്രൊഫസർ ചിറ്റ്നിസ്. ഡോ. വിക്രം സാരാഭായിക്കൊപ്പം ചേർന്ന് തുമ്പയെ റോക്കറ്റ് വിക്ഷേപണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമായി കണ്ടെത്തിയത് ചിറ്റ്നിസാണ്. ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ചിന്റെ (INCOSPAR - പിന്നീട് ഐ.എസ്.ആർ.ഒ. ആയി മാറി) ആദ്യ അംഗങ്ങളിൽ ഒരാളും മെമ്പർ സെക്രട്ടറിയുമായിരുന്നു അദ്ദേഹം.
എ.പി.ജെ. അബ്ദുൾ കലാമിനെ ഐ.എസ്.ആർ.ഒ.യിലേക്ക് തിരഞ്ഞെടുത്ത സംഘത്തിൽ ചിറ്റ്നിസും ഉണ്ടായിരുന്നു. കൂടാതെ, എസ്.എൽ.വി. എന്ന ആദ്യ ഇന്ത്യൻ വിക്ഷേപണ വാഹന പദ്ധതിയുടെ തലപ്പത്തേക്ക് കലാമിനെ നിർദേശിച്ചതും ചിറ്റ്നിസാണ്. ഐ.എസ്.ആർ.ഒ.യുടെ സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ മേധാവിയായിരുന്ന അദ്ദേഹം, ഇൻസാറ്റ് ഉപഗ്രഹ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. മലേറിയ ഗവേഷണത്തിലൂടെ പ്രശസ്തനും പത്മശ്രീ ജേതാവുമായ ചേതൻ ചിറ്റ്നിസ് അദ്ദേഹത്തിന്റെ മകനാണ്.