ന്യൂഡൽഹി: വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകൻ റെയ്ഹാൻ വദ്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഡൽഹി സ്വദേശിനിയും റെയ്ഹാന്റെ ദീർഘകാല സുഹൃത്തുമായ അവിവാ ബെയ്ഗ് ആണ് ഭാവി വധു. കഴിഞ്ഞ ഏഴ് വർഷമായി ഇവർ പ്രണയത്തിലായിരുന്നു.(Priyanka Gandhi's son Raihan Vadra gets engagedwith Aviva Baige)
ഡെറാഡൂണിലെ സ്കൂൾ പഠനത്തിന് ശേഷം ലണ്ടനിൽ നിന്ന് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ റെയ്ഹാൻ ബിരുദം പൂർത്തിയാക്കി. അറിയപ്പെടുന്ന വിഷ്വൽ ആർട്ടിസ്റ്റും ഫോട്ടോഗ്രാഫറുമാണ് 25-കാരനായ റെയ്ഹാൻ. വന്യജീവി ഫോട്ടോഗ്രാഫിയിലും നഗരകാഴ്ചകളിലുമാണ് റെയ്ഹാന്റെ പ്രത്യേക താല്പര്യം.
തന്റെ മുത്തശ്ശനും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ഫോട്ടോഗ്രാഫി ശൈലികൾ റെയ്ഹാൻ പഠനവിഷയമാക്കിയിട്ടുണ്ട്. 2021-ൽ ഡൽഹിയിലെ ബിക്കാനീർ ഹൗസിൽ തന്റെ ആദ്യ ഫോട്ടോഗ്രാഫി പ്രദർശനം അദ്ദേഹം നടത്തിയിരുന്നു. ഡൽഹി സ്വദേശിനിയായ അവിവാ ഒ.പി. ജിൻഡാൽ ഗ്ലോബൽ സർവകലാശാലയിൽ നിന്ന് മീഡിയ കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദം നേടി.
പ്രൊഫഷണൽ ഫോട്ടോഗ്രാഫറും പ്രൊഡ്യൂസറുമാണ് അവിവാ. 2019-ലും 2023-ലും സ്വന്തമായി ഫോട്ടോഗ്രാഫി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. മുൻ ദേശീയ ഫുട്ബോൾ താരം കൂടിയാണ് അവിവാ ബായ്ഗ്. സാമൂഹിക മാറ്റങ്ങൾക്കായുള്ള പ്രവർത്തനങ്ങളിലും ഇവർ സജീവമാണ്.