അഹമ്മദാബാദ്: ഇന്ത്യയിലെ ആശുപത്രികളിലെ സി.സി.ടി.വി. ദൃശ്യങ്ങളുടെ സുരക്ഷിതത്വത്തിൽ ആശങ്കയുയർത്തുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലെ വന്ധ്യതാ, പ്രസവ ചികിത്സാ രംഗത്ത് പ്രസിദ്ധമായ ഒരു ആശുപത്രിയിൽ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ ഹാക്ക് ചെയ്ത് ടെലിഗ്രാം ചാനലുകൾ വഴി വിറ്റഴിക്കുന്നതായാണ് റിപ്പോർട്ട് ചെയ്യുന്നത്.(Private CCTV footage of hospital being hacked and sold on Telegram, Shocking report)
സി.സി.ടി.വി. ക്യാമറകൾ വ്യാപകമായ രാജ്യത്ത് സ്വകാര്യതയെയും സുരക്ഷയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഈ വിവരങ്ങൾ ഉയർത്തുന്നത്. ഈ വർഷം ആദ്യത്തിൽ ഗുജറാത്തിലെ പ്രമുഖ ആശുപത്രിയിൽ ഗർഭിണികൾക്ക് സ്വകാര്യ ഭാഗങ്ങളിൽ ഇൻജക്ഷൻ എടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് ഗുജറാത്തിൽ നിന്നുള്ളതാണെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ഈ വീഡിയോയ്ക്ക് ഒപ്പമുണ്ടായിരുന്ന ലിങ്ക് സമാനമായ മറ്റ് വീഡിയോകൾ വാങ്ങാൻ സഹായിക്കുന്നതായിരുന്നു. ഇതിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാനാണ് പ്രസവ വാർഡിൽ സി.സി.ടി.വി. ക്യാമറ വെച്ചതെന്നാണ് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ആശുപത്രിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തിൽ 50,000-ത്തിലധികം സി.സി.ടി.വി. ക്യാമറകളിൽ നിന്നുള്ള സമാന രീതിയിലുള്ള ദൃശ്യങ്ങളാണ് പോലീസിന് കണ്ടെത്താനായത്. സൈബർ കുറ്റവാളികളുടെ വലിയൊരു സംഘമാണ് സി.സി.ടി.വി. ഹാക്കിംഗിന് പിന്നിലെന്ന് പോലീസ് വിശദമാക്കുന്നു.
ഗുജറാത്തിൽ കണ്ടെത്തിയ ഹാക്കിംഗ് ശൃംഖല രാജ്യമൊട്ടാകെ വ്യാപിച്ചുകിടക്കുന്നതായാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ, കോർപ്പറേറ്റ് ഓഫീസുകൾ, വീടുകൾക്കുള്ളിൽ നിന്ന് അടക്കമുള്ള വീഡിയോകളാണ് ഇത്തരത്തിൽ കണ്ടെത്താൻ സാധിച്ചത്. 800 രൂപ മുതൽ 2000 രൂപ വരെ വിലയ്ക്കാണ് ഇത്തരം ദൃശ്യങ്ങൾ വിൽക്കുന്നത്. ടെലിഗ്രാം ചാനലുകൾ വഴി സബ്സ്ക്രിപ്ഷൻ മുഖേന ലൈവ് സ്ട്രീമിംഗും നടത്തുന്നുണ്ടെന്നും പോലീസ് കണ്ടെത്തി.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ തിരിച്ചറിയാൻ സാധിച്ചതായി അഹമ്മദാബാദ് സൈബർ ക്രൈം ഡിപ്പാർട്ട്മെൻ്റിലെ അന്വേഷണ ഉദ്യോഗസ്ഥനായ ലാവിന സിൻഹ വിശദീകരിക്കുന്നു. രോഗിയുടെ സ്വകാര്യത ലംഘിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് കേസിൽ പോലീസ് ചുമത്തിയിട്ടുള്ളത്.
ഫെബ്രുവരി മുതൽ എട്ട് പേരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ നാല് പേർ മഹാരാഷ്ട്ര സ്വദേശികളും ബാക്കിയുള്ളവർ യു.പി., ഗുജറാത്ത്, ഡൽഹി, ഉത്തരാഖണ്ഡ് സ്വദേശികളുമാണ്. സൈബർ സുരക്ഷാ പരിശീലനം ലഭിക്കാത്ത ആളുകൾ സ്ഥാപിക്കുന്നതും തദ്ദേശീയമായി നിർമ്മിക്കുന്നതുമായ പല സി.സി.ടി.വി. മോഡലുകളും അനായാസം ഹാക്ക് ചെയ്യാം. മിക്കയിടങ്ങളിലും സി.സി.ടി.വി. അഡ്മിൻ നൽകുന്നത് മോശം പാസ്‌വേഡുകൾ ആണെന്നും വിദഗ്ദ്ധർ നിരീക്ഷിക്കുന്നു.
നേരത്തെ 2018-ൽ ബെംഗളൂരുവിൽ ടെക്കിയെ വെബ് ക്യാം ഹാക്ക് ചെയ്ത് ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയ സംഭവവും, 2023-ൽ പ്രമുഖ യൂട്യൂബറുടെ വീട്ടിലെ സി.സി.ടി.വി. ഹാക്ക് ചെയ്ത് സ്വകാര്യ വീഡിയോ പുറത്തുവന്ന സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.