തെങ്കാശി: തമിഴ്നാട് തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.(Private buses collide, Major tragedy in Tenkasi, 6 dead)
മധുരയിൽ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും, തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂർണ്ണമായും തകർന്നു.
മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസിൻ്റെ ഡ്രൈവറുടെ ഭാഗത്തുനിന്നുമുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴിയനുസരിച്ച് പോലീസ് പറയുന്നത്.
അമിതവേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറുവശത്ത് നിന്നെത്തിയ ബസിലിടിക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും ഉടൻ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റ 28 യാത്രക്കാരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.