റായ്പൂർ: സ്കൂൾ പരിസരത്ത് എത്തുന്ന തെരുവുനായകളുടെ എണ്ണം കൃത്യമായ ഇടവേളകളിൽ റിപ്പോർട്ട് ചെയ്യണമെന്ന ഛത്തീസ്ഗഢ് വിദ്യാഭ്യാസ വകുപ്പിന്റെ വിചിത്ര നിർദ്ദേശത്തിനെതിരെ പ്രതിഷേധവുമായി അധ്യാപക സംഘടനകൾ രംഗത്ത്. സ്കൂളുകളിലെ തെരുവുനായ ആക്രമണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനാധ്യാപകരും പ്രിൻസിപ്പൽമാരും ഈ കണക്കുകൾ നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്.(Principals were instructed to provide a count of stray dogs in school premises )
സ്കൂൾ പരിസരത്ത് അലഞ്ഞുതിരിയുന്ന നായകളുടെ കൃത്യമായ എണ്ണം സമയാസമയങ്ങളിൽ വിശദമായി അറിയിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. തെരുവുനായ നിയന്ത്രണത്തിൽ സുപ്രീം കോടതിയുടെ വിമർശനങ്ങൾക്ക് പിന്നാലെയാണ് പ്രധാനാധ്യാപകരേയും പ്രിൻസിപ്പൽമാരെയും നോഡൽ ഓഫീസർമാരാക്കി ഛത്തീസ്ഗഢ് സർക്കാർ നിയോഗിച്ചത്.
ഈ ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയിട്ടുള്ളത്. സാധാരണ ഗതിയിലുള്ള നിരവധി ചുമതലകൾക്ക് പുറമേ വിദ്യാഭ്യാസ സംബന്ധമല്ലാത്ത ഉത്തരവാദിത്തങ്ങളാണ് അധ്യാപകരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് എന്ന് സംഘടനകൾ ആരോപിക്കുന്നു.
അക്കാദമിക് കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പുലർത്താൻ പോലും സാധ്യമാകാത്ത തരത്തിലാണ് അധ്യാപകരിൽ മറ്റ് ചുമതലകൾ ഏൽപ്പിക്കുന്നതെന്നും, വിദ്യാഭ്യാസ സംബന്ധിയായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യമായ സാഹചര്യം അധ്യാപകർക്ക് നൽകണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. തെരുവുനായ ശല്യം നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് അധ്യാപകരിലേക്ക് മാറ്റിയത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.