അയോധ്യയിൽ പ്രധാന മന്ത്രിയുടെ റോഡ് ഷോ: രാമ ക്ഷേത്രത്തിൽ ധ്വജാരോഹണം ഉടൻ | Ayodhya

മോദി സമീപത്തെ ക്ഷേത്രങ്ങളിൽ ദർശനം നടത്തും
അയോധ്യയിൽ പ്രധാന മന്ത്രിയുടെ റോഡ് ഷോ:  രാമ ക്ഷേത്രത്തിൽ ധ്വജാരോഹണം ഉടൻ | Ayodhya

അയോധ്യ: രാമക്ഷേത്രത്തിലെ പതാക ഉയർത്തൽ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ റോഡ് ഷോ നടത്തി. അയോധ്യയിലെത്തിയ പ്രധാനമന്ത്രി സാകേത് കോളേജിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. അയോധ്യാധാം വരെയാണ് റോഡ് ഷോ നടന്നത്. ഇതിനുശേഷം മോദി സമീപത്തെ ക്ഷേത്രങ്ങളിൽ ദർശനം നടത്തും.(Prime Minister's road show in Ayodhya, Flag hoisting at Ram temple soon)

ഇന്നാണ് രാമക്ഷേത്രത്തിലെ പതാക ഉയർത്തൽ (ധ്വജാരോഹണ) ചടങ്ങ് നടക്കുക. ബിഹാർ തിരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് മോദി അയോധ്യയിലെത്തുന്നത്.ക്ഷേത്രത്തിന്റെ പ്രധാന മന്ദിരത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായാണ് ധ്വജാരോഹണ ചടങ്ങ്.

2020-ൽ തറക്കല്ലിട്ട് അഞ്ച് വർഷവും മൂന്ന് മാസവും കൊണ്ടാണ് പ്രധാന മന്ദിരം പൂർത്തിയാക്കിയത്. മോദി അയോധ്യ ക്ഷേത്രത്തിലെ ശിഖിരത്തിൽ 191 അടി ഉയരത്തിലാണ് പതാക സ്ഥാപിക്കുക. രാമൻ്റെ ആദർശങ്ങളുടെ സൂചകമായി കോവിദാര വൃക്ഷവും 'ഓം' എന്ന അക്ഷരവും ആലേഖനം ചെയ്ത കാവി നിറത്തിലുള്ള ത്രികോണാകൃതിയിലുള്ള പതാകയാണിത്.

രാമൻ്റെയും സീതയുടെയും വിവാഹ പഞ്ചമിയോടനുബന്ധിച്ചുള്ള അഭിജിത് മുഹൂർത്തത്തിലാണ് ചടങ്ങ് നടക്കുന്നത്. ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത്, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിവിധ സന്ന്യാസി മഠങ്ങളുടെ തലവന്മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ദേശീയ ഐക്യത്തിൻ്റെ പുതിയ അധ്യായത്തിൻ്റെ തുടക്കമായാണ് അധികൃതർ ഈ ചടങ്ങിനെ വിശേഷിപ്പിക്കുന്നത്. ഇതിനുശേഷം തിരഞ്ഞെടുക്കപ്പെട്ട 700 പേർ അടങ്ങുന്ന സദസ്സിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രദേശവാസികളെ ക്ഷണിക്കാത്തത് ബി.ജെ.പിക്ക് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ക്ഷേത്രം ഉൾപ്പെടുന്ന മണ്ഡലത്തിലടക്കം ബി.ജെ.പി. തോൽവി നേരിടുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ, ഇന്നത്തെ ധ്വജാരോഹണ ചടങ്ങിലേക്ക് അയോധ്യ നിവാസികളെയും വിവിധ പിന്നാക്ക സമുദായ പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. ആകെ ഏഴായിരം പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

അതേസമയം, രാമക്ഷേത്ര നിർമ്മാണത്തെ രാഷ്ട്രീയപരമായി ഉപയോഗിക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് ഉദിത് രാജ് ഉൾപ്പെടെയുള്ളവർ വിമർശനമുന്നയിച്ചു. വർഷത്തിൽ രണ്ട് കോടി പേർക്ക് തൊഴിൽ നൽകുമെന്നത് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ മോദി പാലിച്ചോ എന്ന് അദ്ദേഹം ചോദ്യം ചെയ്തു. അടിസ്ഥാന വോട്ട് ബാങ്ക് ഉറപ്പിച്ചു നിർത്താൻ കൂടിയാണ് അയോധ്യയിലെ ഓരോ ചടങ്ങും ബി.ജെ.പി. ആഘോഷമാക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com