
ആന്ധ്രാപ്രദേശ്: വിശാഖപട്ടണത്ത് നാളെ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും(International Yoga Day). വിശാഖപട്ടണത്തെ രാമകൃഷ്ണ ബീച്ച് മുതൽ ഭോഗപുരം വരെയുള്ള 26 കിലോമീറ്റർ ദൂരത്തിൽ നാളെ രാവിലെ 6 നും 8 നും ഇടയിലാണ് പരിപാടി നടക്കുക. 5 ലക്ഷത്തോളം പേർക്ക് ഇവിടെ ഒരേസമയം യോഗ പരിശീലിക്കുമെന്നാണ് വിലയിരുത്തൽ.
3.32 ലക്ഷം ടീ-ഷർട്ടുകളും 5 ലക്ഷം യോഗ മാറ്റുകളും അധികൃതർ പരിപാടിയുടെ ഭാഗമായി വിതരണം ചെയ്യും. യോഗയിൽ പങ്കെടുക്കുന്നവരെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവരാൻ 3,000 ത്തിലധികം ബസുകൾ ഏർപ്പാടാക്കിയിട്ടുണ്ട്. മാത്രമല്ല, ഇവിടെ പതിനായിരത്തിലധികം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ 1,200 സി.സി.ടി.വി ക്യാമറകളിലൂടെയും ഡ്രോൺ നിരീക്ഷണത്തിലൂടെയും നിരീക്ഷണം ഉറപ്പാക്കും.
ഇന്ത്യയിലും വിദേശത്തുമുള്ള 8 ലക്ഷം സ്ഥലങ്ങളിൽ നാളെ യോഗാചരണം നടക്കും. പരിപാടിയുടെ രജിസ്ട്രേഷൻ ഇതിനോടകം 2.39 കോടിയിലധികം കഴിഞ്ഞതായാണ് വിവരം. ഗിന്നസ് വേൾഡ് റെക്കോർഡ് ഉൾപ്പെടെ ഒന്നിലധികം റെക്കോർഡുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിലെ ഏറ്റവും വലിയ യോഗ ഒത്തുചേരലുകളിലൊന്നാണ് നാളെ നടക്കാനിരിക്കുന്നത്. പരിപാടി ഗംഭീരമാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ആന്ധ്രാപ്രദേശ് സർക്കാർ വ്യക്തമാക്കി.