
ഇംഫാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണിപ്പൂർ സന്ദർശിക്കും(Prime Minister Narendra Modi). 2023-ലെ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണ് ഇന്ന് നടക്കാനിരിക്കുന്നത്.
8,500 കോടി രൂപയുടെ പദ്ധതികളാണ് ഇന്ന് അദ്ദേഹം മണിപ്പൂരിൽ ഉദ്‌ഘാടനം ചെയ്യുക. ഇതിൽ, ഇംഫാലിന് വേണ്ടി മാത്രം 1,200 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രഖ്യാപിക്കുക. തുടർന്ന് മണിപ്പൂരിലെ ചുരാചന്ദ്പൂർ സന്ദർശിക്കുന്ന അദ്ദേഹം 7,300 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് തറക്കല്ലിടും.
ഇത് സംബന്ധിച്ച വിവരം സംസ്ഥാന ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയൽ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് സംസ്ഥാനത്ത് അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.