ബീജിങ്: യുഎസ് സൃഷ്ടിച്ച വ്യാപര പ്രതിസന്ധികള്‍ക്കിടെ ഏഴ് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി. ടിയാൻജിനിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ മോദി നാളെ പങ്കെടുക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തമാക്കുന്നതിലൂടെ അമേരിക്കൻ തീരുവ പ്രതിസന്ധി മറികടക്കാനാണ് ആലോചന.
രണ്ട് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദി എസ്‌സിഒ ഉച്ചകോടിക്കായി ചൈനയിലെത്തിയിരിക്കുന്നത്. ചൈനയുമായുള്ള ശക്തമായ സുഹൃദ്ബന്ധം മേഖലയെ സമൃദ്ധിയിലേക്കും സമാധാനത്തിലേക്കും നയിക്കുമെന്ന് മോദി ജപ്പാനില്‍ പറഞ്ഞിരുന്നു. ഇന്ത്യ-ചൈന സൗഹൃദം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ സ്ഥിരതയുണ്ടാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
യുഎസിന്റെ വ്യാപാരയുദ്ധം ഇന്ത്യന്‍ കയറ്റുമതിയെ ബാധിച്ചിരിക്കേ പുതിയ വിപണിതേടുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. ഷി ജിന്‍പിങ് ആതിഥേയത്വം വഹിക്കുകയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് പുതിനും പങ്കെടുക്കുകയും ചെയ്യും.
അതേ സമയം, നരേന്ദ്രമോദിയുമായി യുഎസ് പ്രസിഡന്റ് പിണങ്ങിയത് നൊബേലിന്റെ പേരിലെന്ന് റിപ്പോർട്ടുകൾ. സമാധാന നൊബേൽപുരസ്‌കാരത്തിന് തന്നെ നാമനിർദേശം ചെയ്യണമെന്ന് ട്രംപ് മോദിയോട് ആവശ്യപ്പെട്ടു. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് ട്രംപാണെന്ന് സമ്മതിക്കാനും സമ്മർദമുണ്ടായി. മോദി ട്രംപിന് വഴങ്ങാത്തതിന്റെ പേരിലാണ് തീരുവ ഭീഷണി തുടങ്ങിയതെന്നും റിപ്പോർട്ടുകൾ.