
റിയാസി: ജമ്മു ഡിവിഷനെ കശ്മീരുമായി ബന്ധിപ്പിക്കുന്ന കത്ര റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു(Vande Bharat Express trains). നിലവിൽ കത്രയിൽ നിന്നും ശ്രീനഗറിലേക്ക് റോഡ് മാർഗം സഞ്ചരിക്കാൻ 6 മുതൽ 7 മണിക്കൂർ വരെ എടുക്കാറുണ്ട്. എന്നാൽ തീവണ്ടി മാർഗ്ഗം ഇത് 3 മണിക്കൂറായി ചുരുങ്ങും.
ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേ റെയിൽവേ പാലമായ അൻജി ഖാദ് പാലത്തിലൂടെയും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലത്തിലൂടെയുമാണ് ട്രെയിൻ ഓടുക. കശ്മീർ താഴ്‌വരയിലെ തണുത്ത കാലാവസ്ഥയിൽ സർവീസ് നടത്തുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് രണ്ട് വന്ദേ ഭാരത് എക്സ്പ്രസ്സുകളും.
അതേസമയം, ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മുമ്പ്, പ്രധാനമന്ത്രി ട്രെയിനിൽ സ്കൂൾ കുട്ടികളുമായി സംവദിക്കുകയും ചെയ്തു. ചിത്രരചനാ മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കാണ് പ്രധാനമന്ത്രിക്കൊപ്പം സമയം ചിലവിടാൻ അവസരം ലഭിച്ചത്.