
തെലങ്കാന: തിരുപ്പതി ലഡ്ഡു വിവാദത്തില്‍ ആന്ധ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച്സുപ്രീം കോടതി. മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കരുതെന്നും ദൈവങ്ങളെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ഉണ്ടെന്ന ലാബ് റിപ്പോര്‍ട്ട് പുറത്ത് വിട്ടതിലും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ബിജെപി നേതാവ് സുബ്രഹ്‌മണ്യ സ്വാമിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും സമർപ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍ ജസ്റ്റിസ് ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അന്വേഷണത്തിന് ഉത്തരവിട്ടിട്ട് റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് മാധ്യമങ്ങളെ കണ്ടതെന്തിനാണെന്നും ഉറപ്പില്ലാത്ത ഒരു കാര്യം എങ്ങനെ പരസ്യമായി പറഞ്ഞുവെന്നും കോടതി ആരാഞ്ഞു. എസ്ഐടി അന്വേഷണം കൊണ്ടെന്താണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. ലാബ് റിപ്പോര്‍ട്ടില്‍ പ്രഥമദൃഷ്ട്യാ അശുദ്ധമായ നെയ്യ് ഉപയോഗിച്ചതായി കാണിക്കുന്നില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.