
ലക്‌നൗ: ഉത്തർ പ്രദേശിലെ ബാഗ്പത് ജില്ലയിൽ പള്ളി പരിസരത്തുള്ള വസതിയിൽ പുരോഹിതൻ്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗംഗ്നൗലി ഗ്രാമത്തിലെ പ്രധാന പള്ളിയിലെ ഇമാമായ ഇബ്രാഹിമിൻ്റെ ഭാര്യ ഇസ്രാന (30), മക്കളായ സോഫിയ (5), സുമയ്യ (2) എന്നിവരാണ് കൊല്ലപ്പെട്ടത്.പള്ളിവളപ്പിലുള്ള ഇവരുടെ വസതിയിൽ മൂന്ന് പേരെയും രക്തത്തിൽ കുളിച്ച നിലയിലാണ് കണ്ടെത്തിയത്.പള്ളിയിൽ ദൈനംദിന പാഠങ്ങൾക്കായി എത്തിയ കുട്ടികൾ മൃതദേഹങ്ങൾ കണ്ടതിനെത്തുടർന്നാണ് വിവരം പുറത്തറിഞ്ഞത്.
ഭാര്യ ഇസ്രാനയുടെ മൃതദേഹം തറയിലും രണ്ട് പെൺകുട്ടികളുടെയും മൃതദേഹങ്ങൾ ഒരു കട്ടിലിലുമായിരുന്നു കിടന്നിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ, മൂർച്ചയുള്ള ഒരു വസ്തു ഉപയോഗിച്ച് തലയിൽ അടിച്ചതിനെ തുടർന്നാണ് മൂവരും മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
മുസാഫർനഗർ ജില്ലയിലെ സുന്ന ഗ്രാമത്തിൽ നിന്നുള്ള ഇമാം ഇബ്രാഹിം കഴിഞ്ഞ നാല് വർഷമായി ഗംഗ്നൗലിയിലെ ബാഡി മസ്ജിദിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഇസ്രാന പള്ളി വളപ്പിൽ കുട്ടികളെ പഠിപ്പിച്ചിരുന്നു.
സംഭവം നടക്കുന്ന സമയത്ത് ഇമാം ദേവ്ബന്ദിൽ ജോലിക്കായി പോയിരുന്നു എന്ന് പോലീസ് പറഞ്ഞു. കൂടാതെ, കൊലപാതകത്തിന് മുമ്പ് പള്ളി വളപ്പിലെ എല്ലാ സി.സി.ടി.വി. ക്യാമറകളും ഓഫ് ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.വിവരമറിഞ്ഞ് പോലീസ് സൂപ്രണ്ട് സൂരജ് കുമാർ റായ്, അഡീഷണൽ എസ്.പി. പ്രവീൺ കുമാർ ചൗഹാൻ, സർക്കിൾ ഓഫീസർ വിജയ് കുമാർ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.