

പട്ന: ബീഹാറിലെ ഗംഗാ സമതലങ്ങളിലെ സ്ത്രീകളുടെ മുലപ്പാലിൽ അപകടകരമായ അളവിൽ യുറേനിയം 238-ൻ്റെ സാന്നിധ്യം കണ്ടെത്തിയതായി പഠനം. 'സയൻ്റിഫിക് റിപ്പോർട്ട്‌സി'ൽ പ്രസിദ്ധീകരിച്ച സാങ്കേതിക പഠനത്തിലാണ് ഞെട്ടിക്കുന്ന വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ബീഹാറിലെ ഗംഗാ സമതലങ്ങളിലെ സ്ത്രീകളുടെ മുലപ്പാലിലെ യുറേനിയം സാന്നിധ്യം സംബന്ധിച്ച ആദ്യ വിലയിരുത്തലാണ് ഇത്.(Presence of uranium in breast milk, Shocking study report from Bihar)
നവജാത ശിശുക്കൾക്ക് അത്യാവശ്യമായ മുലപ്പാൽ അതീവ അപകടകാരിയായി മാറുന്ന കാഴ്ചയാണ് ബീഹാറിലുള്ളതെന്ന് പഠനം അവകാശപ്പെടുന്നു. ലെഡ്, ആർസെനിക്, മെർക്കുറി തുടങ്ങിയ ഘന ലോഹങ്ങളുടെ വിഷാംശത്തിന് ഇതിനോടകം കുപ്രസിദ്ധമായ മേഖലയാണ് ബീഹാറിലെ ഗംഗാ സമതലം. ഭൂഗർഭജലത്തിലൂടെ യുറേനിയം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഇന്ത്യയിൽ 151 ജില്ലകളിലും 18 സംസ്ഥാനങ്ങളിലുമാണ് ഭൂഗർഭജലത്തിൽ യുറേനിയത്തിൻ്റെ അപകടകരമായ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ഇതിൽ 1.7 ശതമാനം ഭൂഗർഭജലവും ബീഹാറിൽ നിന്നുള്ളതാണെന്നതാണ് ആശങ്കാജനകമായ വിവരം. ബീഹാറിലെ വിവിധ ജില്ലകളിൽ നിന്നായി 40 മുലയൂട്ടുന്ന അമ്മമാരെയും മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളെയുമാണ് പഠനത്തിന് വിധേയമാക്കിയത്.
പഠനത്തിൽ ഉൾപ്പെടുത്തിയ എല്ലാ മുലപ്പാൽ സാമ്പിളുകളിലും യുറേനിയം 238 സാന്നിധ്യം കണ്ടെത്തി. പാലൂട്ടുന്ന അമ്മമാരിൽ 'കാർസിനോജെനിക് റിസ്കും', 'ഹസാഡ് ക്വോഷിയന്റും' പഠന വിധേയമാക്കിയതിൽ യുറേനിയം എക്സ്പോഷർ വളരെ ഉയർന്ന തോതിലാണെന്ന് വ്യക്തമായി. മുതിർന്നവരേക്കാൾ കുറഞ്ഞ തോതിലാണ് യുറേനിയം ശിശുക്കളുടെ ശരീരത്തിൽ നിന്ന് പുറംതള്ളപ്പെടുന്നത്. ശരീരഭാരം കുറവായതിനാൽ നവജാത ശിശുക്കൾ മൂലകങ്ങൾ അധികമായി ആഗിരണം ചെയ്യുന്നതും അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
പഠനത്തിന് വിധേയരാക്കിയ കുട്ടികളിൽ 70 ശതമാനത്തിനും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും പഠനത്തിലുണ്ട്. യുറേനിയം അമിതമായി ശരീരത്തിലെത്തുന്നത് അവയവങ്ങളുടെ വളർച്ച പൂർത്തിയാക്കാത്ത നവജാത ശിശുക്കളിൽ അതീവ അപകടകാരിയാണ്. വൃക്കകൾക്ക് തകരാറ്, മാനസിക വൈകല്യം, വളർച്ചാ തകരാറ്, ക്യാൻസർ,തലച്ചോറിൻ്റെയും എല്ലുകളുടെയും വളർച്ചാ തകരാറ് എന്നിവ ഉണ്ടാകാനിടയാക്കും.