
ഹൈദരാബാദ്: ഗർഭിണിയായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം, മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിൽ. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ കാമറെഡ്ഡിഗുഡ സ്വദേശിനിയായ സ്വാതിയെ ആണ് ഭർത്താവ് സമാല മഹേന്ദർ റെഡ്ഡി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കാൻ ശ്രമിച്ചത്.
പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്, വിവാഹശേഷം ഇവർ ഹൈദരാബാദിലെ മേഡിപ്പള്ളിക്ക് സമീപമുള്ള ബാലാജി ഹിൽസിലേക്ക് താമസം മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തയത്. പിന്നാലെ മൃതദേഹത്തിന്റെ ഭാഗങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി പുറത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പ്രതി പിടിയിലായത്. ശബ്ദം കേട്ട് സംശയം തോന്നിയ അയൽക്കാരാണ് കൊലപാതകം സംബന്ധിച്ച വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
അതേസമയം, സ്വാതിയുടെ തല, കൈകൾ, കാലുകൾ എന്നിവ പ്രതി നദിയിൽ ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു. ശരീരത്തിന്റെ ഉടൽഭാഗം വീട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതായും പോലീസ് അറിയിച്ചു.മരിച്ചയാളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും പോലീസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതാപസിംഗാരത്തെ മുസി നദിയിലാണ് പ്രതി ഭാര്യയുടെ വെട്ടി നുറുക്കിയ മൃതദേഹ ഭാഗങ്ങൾ ഉപേക്ഷിക്കാൻ ശ്രമിച്ചത്. ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നുവെന്നാണ് വിവരം. ഇതാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.