ലഖ്നൗ: ഫെബ്രുവരി 26ന് മഹാശിവരാത്രിയുടെ ഒടുവിലത്തെ സുപ്രധാന സ്നാനം നടക്കേണ്ടതിനാൽ ഭക്തർക്ക് തടസ്സമില്ലാത്ത ക്രമീകരണങ്ങൾ ഒരുക്കങ്ങൾ വേഗത്തിലാക്കി യുപി സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നിർദേശത്താൽ മഹാകുംഭ് നഗർ സന്ദർശിച്ച് ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനും ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനുമായി ചീഫ് സെക്രട്ടറി മനോജ് കുമാർ സിംഗ്, ഡിജിപി പ്രശാന്ത് കുമാർ എന്നിവരെ ചുമതലപ്പെടുത്തി.
ഗതാഗത നിയന്ത്രണം, ജനക്കൂട്ടം നിയന്ത്രിക്കൽ, ആചാരങ്ങൾ സുഗമമാക്കൽ എന്നിവ നടപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഭക്തർക്ക് യാതൊരുവിധ അസൗകര്യവും നേരിടുന്നില്ലെന്ന് ഉറപ്പാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവർ വ്യക്തമാക്കി. അതേസമയം, തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ മഹാകുംഭത്തിൻ്റെ പവിത്രത തകർക്കാനുള്ള ശ്രമങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇത്തരം ഗ്രൂപ്പുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡിജിപി പ്രശാന്ത് കുമാർ ഉറപ്പ് നൽകി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഇതിനകം 50 ലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി.