

ലക്‌നൗ: ബിജെപി നേതാവ് അപർണ യാദവിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഭർത്താവ് പ്രതീക് യാദവ്. അപർണയുമായി എത്രയും വേഗം വിവാഹമോചനം തേടുമെന്നും തന്റെ കുടുംബാംഗങ്ങളുമായുള്ള ബന്ധം അപർണ തകർത്തുവെന്നും പ്രതീക് കുറ്റപ്പെടുത്തി. മുലായം സിംഗ് യാദവിന്റെ രണ്ടാം ഭാര്യ സാധന യാദവിലുള്ള മകനാണ് പ്രതീക്.
സ്വന്തം കുടുംബാംഗങ്ങളെ തമ്മിലടിപ്പിക്കുകയും ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുകയും ചെയ്തു എന്നാണ് പ്രതീക് യാദവ് ആരോപിക്കുന്നത്.
നിലവിൽ ഉത്തർപ്രദേശ് വനിതാ കമ്മീഷൻ വൈസ് ചെയർപേഴ്‌സണാണ് അപർണ യാദവ്. സമാജ്‌വാദി പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ ഇവർ 2017-ൽ ലക്‌നൗ കന്റോൺമെന്റിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
2022-ൽ എസ്പി വിട്ട് ബിജെപിയിൽ ചേർന്ന അപർണയുടെ നീക്കം അന്ന് തന്നെ വലിയ ചർച്ചയായിരുന്നു. അഖിലേഷ് യാദവുമായുള്ള കുടുംബപരമായ ഭിന്നതകളാണ് ഇതിന് പിന്നിലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.യാദവ് കുടുംബത്തിലെ ഈ പുതിയ തർക്കം ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. ഭർത്താവിന്റെ ആരോപണങ്ങളോട് അപർണ യാദവ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.