ന്യൂഡല്‍ഹി: ഗോതമ്പ് സംഭരണം, പ്രധാനമന്ത്രി സൂര്യ ഘര്‍ യോജന തുടങ്ങിയ പദ്ധതികളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൈവരിച്ച മാതൃകാപരമായ നേട്ടത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പുനരുപയോഗ ഊര്‍ജ്ജ മന്ത്രി പ്രഹ്ലാദ് ജോഷി. അയോധ്യയിലെയും വാരണാസിയിലെയും വികസന പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. യുപിയുടെ പുനരുപയോഗ ഊര്‍ജ്ജ സംരംഭങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും ജോഷി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന അവലോകന യോഗത്തില്‍, വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കനുസരിച്ച് പുനരുപയോഗ ഊര്‍ജ്ജം വികസിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത യോഗി ആദിത്യനാഥ് അറിയിച്ചു. സൗരോര്‍ജ്ജം സ്വീകരിക്കുന്നതിലും ഗോതമ്പ് സംഭരണത്തിലും ഉത്തര്‍പ്രദേശ് മുന്നിലായിരിക്കുമെന്ന് അദ്ദേഹം കേന്ദ്ര മന്ത്രിക്ക് ഉറപ്പ് നല്‍കി.
സംസ്ഥാനത്തിന്റെ സൗരോര്‍ജ്ജ നയം പ്രകാരം, 2027 ആകുമ്പോഴേക്കും 22,000 മെഗാവാട്ടിലധികം വൈദ്യുതി ഉത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. പ്രധാനമന്ത്രി സൂര്യ ഘര്‍ യോജനയ്ക്ക് 10 ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും, ഒരു ലക്ഷം വീടുകളില്‍ സോളാര്‍ പാനലുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ടെന്നും യോഗി അറിയിച്ചു.
സൗരോര്‍ജ്ജ ഉപയോഗം ത്വരിതപ്പെടുത്തുന്നതിനായി 17 മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നഗരങ്ങളിലും സോളാര്‍ പാര്‍ക്കുകള്‍ വികസിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അതത് മുനിസിപ്പല്‍ ബോഡികള്‍ ഭൂമി അനുവദിക്കണം. ഒരു ബഹുജന ബോധവല്‍ക്കരണ കാമ്പെയ്ന്‍ നടത്താനും വേഗത്തിലുള്ള ഇന്‍സ്റ്റാളേഷനുകള്‍ ഉറപ്പാക്കാനും അദ്ദേഹം യുപിഎന്‍ഇഡിഎയോട് നിര്‍ദ്ദേശിച്ചു.