മനോജ് എൻ.എസ് സംവിധാനം ചെയ്യുന്ന ‘മൂൺ വാക്ക്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയിൽ എ ആർ റഹ്മാന്റെ ജന്മദിനാഘോഷിച്ച് സിനിമയുടെ അണിയറ പ്രവർത്തകരും നടീ നടൻമാരും. 29 വർഷത്തിന് ശേഷം എ ആർ റഹ്മാനും, പ്രഭുദേവയും ഒന്നിക്കുന്നു എന്ന പ്രത്യേകതയുള്ള ഈ ചടങ്ങിൽ ഇരുവരുടെയും തകർപ്പൻ പ്രകടനങ്ങളും അരങ്ങേറി. (Moon Walk)
മലയാള സിനിമയിൽ നായകന്റെ കൂട്ടുകാരൻ വേഷങ്ങളിൽ നിന്നും തെന്നിന്ത്യൻ സിനിമകൾ ഉറ്റുനോക്കുന്ന ഒരു മികച്ച സ്വഭാവ നടനായി വളർന്നിരിക്കുന്ന അജു വർഗീസും സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന സ്വഭാവ നടന്മാരുടെ പിൻഗാമിയായി അജു മാറിക്കഴിഞ്ഞു. ഗ്രാമീണനായും, നഗരപരിഷ്കാരിയായും, പോലീസായും, അധ്യാപകനായും നിമിഷനേരം കൊണ്ട് വേഷപ്പകർച്ച നടത്താൻ ഇന്ന് അജുവിന് സാധിക്കുന്നുണ്ട്. സമീപകാലത്ത് പുറത്തിറങ്ങിയ 'സർവ്വം മായ' എന്ന ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചപ്പോൾ അജുവിന്റെ പ്രകടനം പ്രേക്ഷകരും നിരൂപകരും അടിവരയിട്ടു പറഞ്ഞിരുന്നു. തമിഴിൽ മികച്ച നിരൂപക പ്രശംസ നേടിയ 'പറന്ത് പോ' എന്ന ചിത്രത്തിന് ശേഷം അജുവിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
മൂൺവാക്ക് സിനിമയുടെ ഓഡിയോ ലോഞ്ചിൽ പ്രഭുദേവയ്ക്കും റഹ്മാനുമൊപ്പമുള്ള അജു പങ്കുവെച്ച വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ബിഹൈൻഡ് വുഡ്‌സ് നിർമ്മിക്കുന്ന ‘മൂൺവാക്ക്' ഒരു മുഴുനീള കോമഡി ഫാമിലി എന്റർടെയ്‌നറായാണ് ഒരുങ്ങുന്നത്. അജു വർഗീസിനൊപ്പം അർജുൻ അശോകനും ചിത്രത്തിൽ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 'രോമാഞ്ചം' എന്ന സിനിമയ്ക്ക് ശേഷം തമിഴിലും അർജുൻ അശോകന് ആരാധകർ ഏറെയാണ്. യോഗി ബാബു, നിഷ്‌മ ചെങ്കപ്പ, റെഡിൻ കിൻസ്ലി, മൊട്ട രാജേന്ദരൻ, സുഷ്മിത നായക്, സതീഷ് കുമാർ ഉൾപ്പെടെയുള്ള വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.