
ഗോപാൽഗഞ്ച്: ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ ഭാര്യയുടെ അശ്ലീല വീഡിയോ എഐ (AI) ഉപയോഗിച്ച് നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ വൈറലാക്കിയ കേസിൽ ഗോപാൽഗഞ്ചിൽ നിന്ന് രണ്ട് സൈബർ കുറ്റവാളികളെ ബീഹാർ, ഹരിയാന പോലീസ് അറസ്റ്റ് ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ദുരുപയോഗം ചെയ്യുകയും വീരമൃത്യു വരിച്ച നാവിക ഉദ്യോഗസ്ഥന്റെ ഭാര്യയുടെ അശ്ലീല വീഡിയോ നിർമ്മിക്കുകയും 'എസ്എസ് റിയൽ പോയിന്റ്' എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തുവെന്ന കുറ്റമാണ് അറസ്റ്റിലായവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഗോപാൽഗഞ്ച് പോലീസിന്റെ സഹായത്തോടെ ഹരിയാന പോലീസ് മഞ്ജ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നതനുസരിച്ച്, അറസ്റ്റിലായ പ്രതികൾ മഞ്ജ പോലീസ് സ്റ്റേഷൻ പരിധിയിലെ ധോബ്വാലിയ ഗ്രാമത്തിൽ താമസിക്കുന്ന മോഹിബുൾ ഹഖ്, ഗുലാം ജിലാനി എന്നിവരാണ്. ഹരിയാനയിലെ ഗുരുഗ്രാമിലെ സൈബർ പോലീസ് സ്റ്റേഷനിൽ ഈ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വീഡിയോയുടെ ഉറവിടവും, സ്ഥലവും സാങ്കേതിക അന്വേഷണത്തിൽ കണ്ടെത്തി ഇരുവരെയും തിരിച്ചറിഞ്ഞതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതികളുടെ ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് കൂടുതൽ ആളുകളെ ലക്ഷ്യമിട്ട് അവർ ഇത്തരം വീഡിയോകൾ നിർമ്മിച്ചിട്ടുണ്ടെന്ന് വ്യക്തമായതായും പോലീസ് പറയുന്നു.