ജനസംഖ്യാ നിയന്ത്രണം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്രം ശിക്ഷിക്കുന്നു | Population control: Center punishes South Indian states
ചെന്നൈ: ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്രം ശിക്ഷിക്കുന്നുവെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഈ സംസ്ഥാനങ്ങൾ എങ്ങനെ മികച്ച രീതിയിൽ ജനസംഖ്യാ നിയന്ത്രണം നടപ്പാക്കി എന്നതിനെക്കുറിച്ചുള്ള ഒരു പ്രസന്റേഷനും ഉദയനിധി യോഗത്തിൽ അവതരിപ്പിച്ചു. യോഗത്തിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളുടെ പേരുകൾ അവരവരുടെ മാതൃഭാഷയിലും എഴുതിയിട്ടുണ്ട്. സ്റ്റാലിൻ തമിഴിൽ പ്രസംഗിച്ചപ്പോൾ ഡിഎംകെ എംപി കനിമൊഴിയും ഉദയനിധിയും ഇംഗ്ലിഷിലാണ് പ്രസംഗിച്ചത്. തെലുങ്ക്, പഞ്ചാബി, ഒഡിയ ഭാഷകളിൽ പരിഭാഷകൾ ഉണ്ടായിരുന്നുവെന്നുമാണ് അറിയാൻ കഴിഞ്ഞത്.
അടുത്ത 25 വർഷത്തേക്ക് മണ്ഡല പുനർനിർണയം മരവിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കനിമൊഴി അവതരിപ്പിച്ചു. അതേസമയം, ജനാധിപത്യത്തിന്റെ ഫെഡറൽ സ്വഭാവം ഉയർത്തിക്കാണിക്കുന്നതാവണം മണ്ഡല പുനർനിർണയമെന്ന് വൈഎസ്ആർ കോൺഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
‘‘ലോക്സഭയിലോ രാജ്യസഭയിലോ ഉള്ള സീറ്റുകളിൽ ഒരു സംസ്ഥാനത്തിനുപോലും കുറവുണ്ടാകരുത്. എല്ലാ മേഖലകളുടെയും ശബ്ദം കേൾക്കണം.’’ – കത്തിന്റെ പകർപ്പ് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച് വൈഎസ്ആർ കോൺഗ്രസ് പാർട്ടി പറഞ്ഞു.