ന്യൂഡൽഹി: ബംഗ്ലാദേശിലെ നാഷണൽ സിറ്റിസൺ പാർട്ടി നേതാവ് ഹസ്‌നത്ത് അബ്ദുല്ല നടത്തിയ പ്രകോപനപരമായ പ്രസ്താവനകളിൽ ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തി. ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ളയെ വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചു വരുത്തിയാണ് ഇന്ത്യയുടെ ശക്തമായ വിയോജിപ്പ് അറിയിച്ചത്.(Political leader's anti-India statement, India summons Bangladesh High Commissioner to express disagreement)
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വിച്ഛേദിക്കാൻ സഹായിക്കുമെന്നായിരുന്നു ഹസ്‌നത്ത് അബ്ദുല്ലയുടെ പരാമർശം. ഇന്ത്യയോട് ശത്രുതയുള്ള വിഘടനവാദ ഗ്രൂപ്പുകൾക്ക് ബംഗ്ലാദേശ് അഭയം നൽകുമെന്നും അദ്ദേഹം ധാക്കയിൽ നടന്ന സമ്മേളനത്തിൽ പറഞ്ഞു.
കിഴക്കൻ ഇന്ത്യയിലെ തീവ്രവാദ ഗ്രൂപ്പുകൾ ബംഗ്ലാദേശിനെ താവളമായി ഉപയോഗിക്കുന്നത് തടയാൻ മുൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും, പുതിയ സാഹചര്യത്തിൽ ഇത്തരം ഗ്രൂപ്പുകൾക്ക് സഹായം ലഭിക്കുമെന്ന സൂചനയാണ് പ്രസ്താവന നൽകുന്നത്. ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിന് ശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണിട്ടുണ്ട്.
ഷെയ്ഖ് ഹസീന ഇന്ത്യയിൽ ഇരുന്ന് പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നു എന്നാരോപിച്ച് ബംഗ്ലാദേശ് സർക്കാർ നേരത്തെ ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിപ്പിച്ചിരുന്നു. ഇന്ത്യൻ മണ്ണിൽ ബംഗ്ലാദേശ് വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന ആരോപണം ഇന്ത്യ തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന പ്രസ്താവന ബംഗ്ലാദേശ് നേതാവിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ഹർക്കത്ത്-ഉൽ-ജിഹാദ്-അൽ-ഇസ്ലാമി പോലുള്ള തീവ്രവാദ സംഘടനകളുടെ പ്രവർത്തനം കിഴക്കൻ ഇന്ത്യയെ ബാധിക്കുമെന്ന ആശങ്ക ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്കുണ്ട്. ഈ സാഹചര്യത്തിൽ ഹസ്‌നത്ത് അബ്ദുല്ലയുടെ വാക്കുകളെ അതീവ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്.