കോയമ്പത്തൂർ കൂട്ട ബലാത്സംഗം: കോളേജ് വിദ്യാർഥിനിയെ കാറിൽ നിന്ന് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച 3 പ്രതികളെ പോലീസ് വെടിവച്ച് പിടികൂടി | Raped
കോയമ്പത്തൂർ: സുഹൃത്തിനൊപ്പം കാറിൽ സംസാരിച്ചിരിക്കുകയായിരുന്ന ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ പിടികൂടുന്നതിനിടെ നടന്ന ചെറിയ ഏറ്റുമുട്ടലിൽ പ്രതികളുടെ കാലിൽ വെടിയേറ്റു.(Police shoot and arrest 3 accused who kidnapped and raped a college student from a car)
തവസി, കാർത്തിക്, കാളീശ്വരൻ എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂർ നഗരത്തിൽ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായ മധുര സ്വദേശിനിയായ 20 വയസ്സുകാരിയും ഒണ്ടിപുതൂരിൽ മൊബൈൽ ഷോപ്പ് ഉടമയായ 25 വയസ്സുകാരനുമാണ് ആക്രമിക്കപ്പെട്ടത്.
വിമാനത്താവള റൺവേയ്ക്ക് സമീപത്തെ വൃന്ദാവൻ നഗർ കഴിഞ്ഞുള്ള സ്ഥലത്ത് രാത്രി കാറിൽ സംസാരിച്ചിരിക്കുമ്പോഴായിരുന്നു സംഭവം. രാത്രി 11 മണിയോടെ മദ്യലഹരിയിലെത്തിയ മൂന്ന് യുവാക്കൾ ഇരുവരെയും ഭീഷണിപ്പെടുത്തി. തുടർന്ന് കാറിന്റെ ചില്ലുകൾ തകർത്ത് യുവാവിനെ തലയിലും ദേഹത്തുമായി പത്തോളം സ്ഥലങ്ങളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു.
അബോധാവസ്ഥയിലായ യുവാവിനെ ഉപേക്ഷിച്ച ശേഷം കാറിനുള്ളിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയെ കണ്ടെത്തിയത് റെയിൽവേ ട്രാക്കിന് സമീപം ആണ്. രാത്രി വൈകി ബോധം തെളിഞ്ഞ യുവാവ് ഫോണിൽ പൊലീസുമായി ബന്ധപ്പെട്ട് രക്ഷപ്പെടുത്താൻ അഭ്യർഥിക്കുകയായിരുന്നു.
സിഗ്നൽ കണ്ടെത്തി സ്ഥലത്തെത്തിയ പൊലീസ് അവശനായ യുവാവിനെ ഉടൻ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി രണ്ടു മണിക്കൂറോളം തിരച്ചിൽ നടത്തിയാണ് റെയിൽവേ ട്രാക്കിനോട് ചേർന്ന കുറ്റിക്കാട്ടിൽ നിന്ന് യുവതിയെ വിവസ്ത്രയായി കണ്ടെത്തിയത്. യുവതിയെ ഉടൻ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി അപകടനില മറികടന്നിട്ടുണ്ട്. പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

