

ബെംഗളൂരു: ധാർവാഡിലെ കമലാപുര സർക്കാർ പ്രൈമറി സ്കൂളിൽ നിന്ന് രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയ ഹുബ്ബള്ളി സ്വദേശി മുഹമ്മദ് കരീം (50) പോലീസ് പിടിയിലായി. കുട്ടികളുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ ഉത്തര കന്നഡ ജില്ലയിലെ ജോയ്ഡയിൽ വെച്ച് ബൈക്ക് അപകടത്തിൽപ്പെട്ടതാണ് പ്രതിയെ കുടുക്കിയത്.(Police rescue students kidnapped from school in Karnataka)
ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷം സ്കൂളിലെത്തിയ പ്രതി, രണ്ട്, മൂന്ന് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. കുട്ടികളെ കാണാതായതോടെ നാട്ടുകാരും രക്ഷിതാക്കളും പോലീസിൽ വിവരമറിയിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെയും ബൈക്കിനെയും തിരിച്ചറിഞ്ഞ പോലീസ് ഉടൻ തന്നെ അതിർത്തി ജില്ലകളിലേക്ക് വിവരം കൈമാറി.
തട്ടിക്കൊണ്ടുപോയി രണ്ടര മണിക്കൂർ കഴിഞ്ഞപ്പോൾ ജോയ്ഡയിൽ വെച്ച് പ്രതി സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം കുട്ടികളെ തിരിച്ചറിയുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബൈക്കിൽ നിന്ന് തലയടിച്ചു വീണ മുഹമ്മദ് കരീമിന് പരിക്കേറ്റതിനാൽ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.