
സഹർസ: സഹർസയിലെ ചാന്ദ്‌നി ചൗക്കിന് സമീപമുള്ള റെഡ് ലൈറ്റ് ഏരിയയിൽ നിന്ന് സഖി, വൺ സ്റ്റോപ്പ്, വനിതാ പോലീസ് സ്റ്റേഷൻ എന്നിവയുടെ സഹായത്തോടെ പോലീസ് നടത്തിയ സംയുക്ത പരിശോധനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തി. . പ്രതിയുടെ വീട് പോലീസ് സീൽ ചെയ്തിട്ടുണ്ട്. കണ്ടെത്തിയ പെൺകുട്ടി നേപ്പാൾ സ്വദേശിയാണെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച സ്ഥിരീകരണത്തിനായി നേപ്പാളിലെയും നേപ്പാളിനോട് ചേർന്നുള്ള ഇന്ത്യൻ പ്രദേശത്തെയും പോലീസുമായി അന്വേഷണസംഘം ബന്ധപ്പെട്ടിട്ടുണ്ട്.
റിപ്പോർട്ടുകൾ അനുസരിച്ച്, പെൺകുട്ടി ഏകദേശം നാലോ അഞ്ചോ വർഷമായി ഇവിടെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സൂപ്രണ്ട് ഹിമാൻഷു, ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും, സ്ഥലത്ത് പരിശോധനനടത്തുകയുമായിരുന്നു . പെൺകുട്ടിയുടെ മൊഴി പ്രകാരം, നാലഞ്ച് വർഷങ്ങൾക്ക് മുമ്പ് മാതാപിതാക്കളോടൊപ്പം ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് താൻ അവരിൽ നിന്ന് വേർപിരിഞ്ഞത്. തുടർന്നാണ് കുട്ടി റെഡ് ലൈറ്റ് ഏരിയയിൽ എത്തപ്പെടുന്നതും, പീഡിപ്പിക്കപ്പെടുന്നതും.
സംഭവത്തിൽ, പ്രതിയായ സെരാജ് നാഥിനെതിരെ സദർ പോലീസ് സ്റ്റേഷനിൽ വേശ്യാവൃത്തി, മനുഷ്യക്കടത്ത് എന്നീ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.