
പട്ന : ബീഹാറിലെ റോഹ്താസിലെ കാർഗഹാർ പോലീസ് സ്റ്റേഷൻ വളപ്പിലുള്ള പോലീസ് ക്വാർട്ടേഴ്‌സിൽ , സബ് ഇൻസ്‌പെക്ടറുടെ ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാർഗഹാർ പോലീസ് സ്റ്റേഷൻ വളപ്പിൽ നടന്ന ഈ സംഭവം പ്രദേശത്ത് വൻ കോളിളക്കം സൃഷ്ടിച്ചു.മുസാഫർപൂരിലെ പരു പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രബോധി ഗ്രാമത്തിൽ താമസിക്കുന്ന സബ് ഇൻസ്പെക്ടർ ഗ്യാൻദീപ് കുമാറിന്റെ ഭാര്യ, മീനു കുമാരിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം നവംബർ 18 ന്, വൈശാലി ജില്ലയിലെ സരായ് പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ മനോജ് കുമാർ ഗുപ്തയുടെ മകൾ മീനു കുമാരിയെ ഗ്യാൻദീപ് വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് വെറും 10 മാസത്തിന് ശേഷം, മീനു പോലീസ് സ്റ്റേഷൻ പരിധിയിലെ തന്റെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവം നടക്കുമ്പോൾ സ്ത്രീ ഒറ്റയ്ക്കായിരുന്നു, ഭർത്താവ് സബ് ഇൻസ്പെക്ടർ ഗ്യാൻദീപ് ഡ്യൂട്ടിക്ക് പോയിരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കുടുംബാംഗങ്ങൾ മീനുവിനെ വിളിച്ചപ്പോൾ, ഫോൺ പലതവണ റിംഗ് ചെയ്തിട്ടും പ്രതികരണമൊന്നും ലഭിക്കാദി വന്നതോടെയാണ് കുടുംബം അന്വേഷണം നടത്തിയത്.
പിന്നീട്, ആളുകൾ താമസസ്ഥലത്ത് ചെന്നപ്പോൾ, മീനുവിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.