
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ഫറംഗിപേട്ട സ്വദേശിയും മംഗളൂരു പി.യു കോളജ് രണ്ടാം വർഷ വിദ്യാർഥിയുമായ ദിഗന്തിന്റെ (18) തിരോധാനത്തിന് പിന്നിൽ പരീക്ഷാപ്പേടിയെന്ന് പൊലീസ്. ഫെബ്രുവരി 25നാണ് വിദ്യാർഥിയെ കാണാതായത്. ശനിയാഴ്ച ഉഡുപ്പിയിൽ നിന്ന് കണ്ടെത്തിയ ദിഗന്തിനെ ചോദ്യം ചെയ്തപ്പോഴാണ് കാരണം വ്യക്തമായതെന്ന് ജില്ല പൊലീസ് സൂപ്രണ്ട് എൻ. യതീഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പരീക്ഷാഭീതിയിൽ വീടുവിട്ടതാവാം എന്ന പൊലീസ് നിഗമനം ശരിവെക്കുന്നതാണ് വിദ്യാർഥിയുടെ മൊഴിയെന്ന് എസ്.പി പറഞ്ഞു. ഇതിനെത്തുടർന്ന് ബി.ജെ.പി ബന്ദ് ഉൾപ്പെടെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. തന്റെ മണ്ഡലത്തിലെ സംഭവം സ്പീക്കർ യു.ടി. ഖാദർ നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു.