
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നിയമ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിയുടെ ഫോണില്‍ നിന്ന് കുറ്റകൃത്യത്തിന്റെ വീഡിയോ കണ്ടെടുത്ത് പോലീസ്. കേസില്‍ നിര്‍ണായകമാകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. അതേസമയം, തന്നെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രതി ഫോണില്‍ പകര്‍ത്തിയിരുന്നുവെന്ന് പെണ്‍കുട്ടി നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ ഫോണിൽ നിന്നും നിർണായക ദൃശ്യങ്ങൾ കണ്ടെത്തിയത്. അതേസമയം, പ്രതി ഈ ദൃശ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിട്ടിട്ടുണ്ടോ എന്ന കാര്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പശ്ചിമ ബംഗാളിലെ സൗത്ത് കല്‍ക്കട്ട ലോ കോളേജിലെ വിദ്യാർഥിയായ പെൺകുട്ടിയാണ് കഴിഞ്ഞ ദിവസം ക്രൂര പീഡനത്തിന് ഇരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ സഹപാഠികളായ മനോജിത് മിശ്ര (31), സായിബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, സംഭവത്തില്‍ കോളേജിലെ സുരക്ഷാ ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിനാകി ബാനര്‍ജി എന്ന 55-കാരനാണ് അറസ്റ്റിലായിരിക്കുന്നത്. കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെയാളാണ് ബാനര്‍ജി. ചോദ്യംചെയ്യലില്‍ ഇയാളുടെ മറുപടികള്‍ പരസ്പരവിരുദ്ധമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസമയത്ത് അയാള്‍ പരിസരത്ത് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെയാണ് ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തത്.