

ലഖ്നൗ: തലയ്ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളിയെ ഹാപൂര്‍ ജില്ലയിലെ കപൂര്‍പൂരില്‍ അര്‍ദ്ധരാത്രി നടന്ന ഏറ്റുമുട്ടലില്‍ വെടിവെച്ചുകൊന്നതായി ഉത്തര്‍പ്രദേശ് പോലീസ്. സംഭാല്‍ ജില്ലയിലെ അസ്‌മോലി മേഖലയിലെ മനൗട്ട ഗ്രാമവാസിയായ ഹസീന്‍ എന്ന ഷാതിര്‍ (30) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇരുപത്തിയഞ്ചിലധികം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയായിരുന്നുവെന്ന് പോലീസ് പറയുന്നു. (Police Encounter)
സംഭവസ്ഥലത്ത് നിന്ന് ഒരു നാടന്‍ തോക്ക്, വെടിയുണ്ടകള്‍, ഒരു സ്വിഫ്റ്റ് ഡിസയര്‍ കാര്‍ എന്നിവയും കണ്ടെടുത്തു. മേഖലയിലെ അനധികൃത ഗോവധം തടയാനുള്ള ഓപ്പറേഷനിടെയാണ് വെടിവെപ്പുണ്ടായതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'ഗോവധം, വധശ്രമം, ഗുണ്ടാ നിയമപ്രകാരമുള്ള കേസുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഗുരുതരമായ കേസുകളില്‍ പ്രതിയായ സ്ഥിരം കുറ്റവാളിയായിരുന്നു ഹസീന്‍,' ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
രാത്രി 12.30 ഓടെ, പശുക്കടത്തുകാരെന്ന് സംശയിക്കുന്ന ചിലര്‍ മൃഗങ്ങളെ കടത്താന്‍ ഒരുങ്ങുന്നതായി 112 ഹെല്‍പ്പ്ലൈന്‍ വഴി കപൂര്‍പൂര്‍ പോലീസിന് വിവരം ലഭിച്ചുവെന്ന് ഹാപൂര്‍ പോലീസ് സൂപ്രണ്ട് (എസ്പി) കുന്‍വര്‍ ജ്ഞാനഞ്ജയ് സിംഗ് പറഞ്ഞു.
ഹെല്‍പ്പ് ലൈന്‍ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്എച്ച്ഒ സ്ഥലത്തെത്തി. സംശയാസ്പദമായി നീങ്ങുകയായിരുന്ന ഒരു സ്വിഫ്റ്റ് ഡിസയര്‍ കാറിനെ പിന്തുടര്‍ന്നു. കാറിനുള്ളിലുണ്ടായിരുന്നയാള്‍ പോലീസിന് നേരേ വെടിയുതിര്‍ത്തു. ജീവന്‍ രക്ഷിക്കാനായി തിരികെ വെടിവെച്ചപ്പോഴാണ് ഹസീന് പരിക്കേറ്റത്. വെടിയേറ്റ ഹസീന്‍ വാഹനത്തിന് സമീപം കുഴഞ്ഞുവീണുവെന്ന് പോലീസ് പറഞ്ഞു. അയാളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചുവെന്നും പോലീസ് പറഞ്ഞു.