

ബെംഗളൂരു: കർണാടകയിൽ മോഷണക്കുറ്റം ആരോപിച്ച് പശ്ചിമ ബംഗാൾ സ്വദേശിനിയായ യുവതിക്ക് നേരെ പോലീസ് അതിക്രമം. പശ്ചിമ ബംഗാൾ സ്വദേശിനിയായ സുന്ദരി ബീവിക്ക് (34) ആണ് ക്രൂരമായ മർദ്ദനമേറ്റത്. സംഭവത്തിൽ വരത്തൂർ പോലീസിനെതിരെ യുവതി പരാതി നൽകിയിട്ടുണ്ട്.(Police assault on woman in Karnataka, Complaint alleges beating including in private parts)
സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ പോലീസ് മർദ്ദിച്ചതായി യുവതി പരാതിയിൽ പറയുന്നു. ഒക്ടോബർ 30-നാണ് സംഭവം നടന്നത്. സുന്ദരി ബീവിയും ഭർത്താവും കർണാടകയിലെ ഒരു വീട്ടിൽ ജോലിക്കു നിൽക്കുകയായിരുന്നു. അവിടെ നിന്നും വജ്ര മോതിരം കാണാനില്ലെന്ന് വീട്ടുടമ നൽകിയ പരാതിയിന്മേൽ ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
മോഷണക്കുറ്റം ആരോപിച്ച് നാല് പുരുഷ പോലീസുകാരും മൂന്ന് വനിതാ പോലീസുകാരും ചേർന്നാണ് മർദ്ദിച്ചതെന്ന് സുന്ദരി ബീവി പരാതിയിൽ വ്യക്തമാക്കി. പോലീസ് സ്റ്റേഷനുള്ളിൽ നിന്ന് ഇവരുടെ കരച്ചിൽ കേട്ട് പുറത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ മനുഷ്യാവകാശ പ്രവർത്തകരെ വിവരമറിയിച്ചു. തുടർന്ന് ഇവരെത്തിയാണ് യുവതിയെയും ഭർത്താവിനെയും മോചിപ്പിച്ചത്.
ബെംഗളൂരുവിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടന ഈ വിഷയം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. തുടർന്ന്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഓഫീസ് വിഷയത്തിൽ നേരിട്ട് ഇടപെടുകയും സുന്ദരി ബീവിയെ ഫോണിൽ വിളിച്ച് സംസാരിക്കുകയും ചെയ്തു. പിന്നാലെ കർണാടക സർക്കാരിനെ അതൃപ്തി അറിയിക്കുകയും ചെയ്തു. മർദ്ദനമേറ്റ സുന്ദരി ബീവി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കർണാടക പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.