
ഹൈദരാബാദ്: ദന്ത ഡോക്ടറെ വ്യാജ സ്വർണം നൽകി കബളിപ്പിക്കാൻ ശ്രമിച്ച സംഘത്തെ കുഷൈഗുഡ പോലീസ് പിടികൂടി . സബ് ഇൻസ്പെക്ടർ സുധാകർ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ തന്ത്രപരമായി കുടുക്കിയത്. ഹൈദരാബാദ്, എച്ച്ബി കോളനിയിലെ താമസക്കാരിയായ ഡോ. പ്രിയങ്ക കുഷൈഗുഡ ചക്രിപുരം എന്ന സ്ഥലത്ത് ഒരു ദന്ത ക്ലിനിക്ക് നടത്തുകയായിരുന്നു.
ഈ മാസം 21-ന്, യുപിയിലെ ആഗ്രയിൽ നിന്നുള്ള നാഗരത്ത് താമസിക്കുന്ന ദേവേന്ദർ കുമാർ (65), രവി (30), ഗംഗുഭായ് (45) എന്നീ മൂന്ന് പേരടങ്ങുന്ന സംഘം ഡോ. പ്രിയങ്കയുടെ ക്ലിനിക്കിൽ ദന്ത പരിശോധനക്കായി എത്തി. പരിശോധനക്ക് ശേഷം പണത്തിന് പകരം സ്വർണ്ണമാണ് സംഘം നൽകിയത്.പിന്നാലെ ഡോക്ടർ, ഒരു ജ്വല്ലറിയിൽ സ്വർണ്ണം പരിശോധിച്ചപ്പോൾ അത് യഥാർത്ഥമാണെന്ന് കണ്ടെത്തി. എന്നാൽ തനിക്ക് കിട്ടേണ്ട തുകയേക്കാൾ കൂടുതലാണ് സ്വർണത്തിന്റെ വില എന്ന് മനസിലാക്കിയ ഡോക്ടർ സ്വർണം നൽകിയ സംഘത്തെ ബന്ധപ്പെടുകയായിരുന്നു. ഈസമയം , ഒരു കിലോ വരെ ഭാരമുള്ള മറ്റൊരു സ്വർണ്ണമാല അവരുടെ കൈവശമുണ്ടെന്നും, അവർക്ക് അടിയന്തിരമായി പണം ആവശ്യമുള്ളതിനാൽ 4 ലക്ഷം രൂപയ്ക്ക് നിങ്ങൾക്ക് വിൽക്കാമെന്നും സംഘാംഗങ്ങൾ ഡോക്ടറോട് പറഞ്ഞു.
ഡോക്ടർ ഇത് സമ്മതിച്ചപ്പോൾ, രണ്ട് ദിവസത്തിനുള്ളിൽ സ്വർണ്ണ മാല കൊണ്ട് വരുമെന്നും സംഘം അറിയിച്ചു. എന്നാൽ ഒരു കിലോ സ്വർണ്ണ മാലയ്ക്ക് നാല് ലക്ഷം രൂപ മാത്രമേ വിലയുള്ളൂ എന്ന് സംശയിച്ച ഡോക്ടർക്ക് സംശയം തോന്നിയതോടെ , വിവരം പോലീസിനെ അറിയിച്ചു.
തുടർന്ന്, ഈ മാസം 26 ന് ഉച്ചയ്ക്ക് 2 മണിക്ക്, സംഘാംഗങ്ങൾ ക്ലിനിക്കിലെത്തി ഡോക്ടറിൽ നിന്ന് പണം ആവശ്യപ്പെട്ടു. പണത്തെക്കുറിച്ച് ചർച്ച നടത്തുന്നതിനിടയിൽ, അവിടെ ഒളിച്ചിരുന്ന പോലീസ് അവരെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ഒരു കിലോഗ്രാം ഭാരമുള്ള മാല ഇവരിൽ നിന്ന് പിടിച്ചെടുത്തു. പരിശോധിച്ചപ്പോൾ അത് സ്വർണ്ണം പൂശിയ പിച്ചള മാലയാണെന്ന് കണ്ടെത്തി. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അറസ്റ്റ് ചെയ്തതായി എസ്ഐ പറഞ്ഞു.