

മോറിഗാവ് (അസം): ശൈത്യകാലം ആരംഭിച്ചതോടെ, രാജ്യത്ത് ഏറ്റവും കൂടുതൽ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളുടെ ആവാസ കേന്ദ്രമായി അറിയപ്പെടുന്ന അസമിലെ മോറിഗാവ് ജില്ലയിലെ പോബിതോറ വന്യജീവി സങ്കേതത്തിൽ നിരവധി ഇനം ദേശാടന പക്ഷികളുടെ വരവ് ആരംഭിച്ചു. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ചാണ് ഈ വർഷം നിരവധി ഇനം ദേശാടന പക്ഷികൾ സങ്കേതത്തിൽ എത്തിയിട്ടുള്ളത്. ( Pobitora national park)
നവംബർ ആദ്യം മുതൽ തന്നെ പോബിറ്റോറ വന്യജീവി സങ്കേതത്തിൽ ദേശാടന പക്ഷികൾ എത്തിത്തുടങ്ങിയിട്ടുണ്ട്, ഇത് ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുള്ള സഞ്ചാരികളെ ഒരുപോലെ അങ്ങോട്ടേക്ക് എത്തിക്കുകയാണ്. ഇവിടേയ്ക്ക് വരുന്ന മിക്ക ദേശാടന പക്ഷികളും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ടിബറ്റൻ മേഖലയിൽ നിന്നുമാണ് വരുന്നത്. 2024-ൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏകദേശം 69 ഇനം പക്ഷികൾ വന്യജീവി സങ്കേതത്തിൽ എത്തിയിരുന്നു.
കഴിഞ്ഞ വർഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 56 ഇനം ദേശാടന പക്ഷികൾ പോബിറ്റോറ വന്യജീവി സങ്കേതം സന്ദർശിച്ചതായി പോബിറ്റോറ വന്യജീവി സങ്കേതത്തിലെ റേഞ്ച് ഓഫീസർ പ്രഞ്ജൽ ബറുവ പറഞ്ഞു. ഈ വർഷത്തെ ടൂറിസ്റ്റ് സീസൺ ഒക്ടോബർ 23 മുതൽ ആരംഭിച്ചു. ദേശാടന പക്ഷികൾക്കൊപ്പം സഞ്ചാരികളുടെ വരവും നവംബർ ആദ്യ വരം മുതൽ തന്നെ വർദ്ധിച്ചു എന്നും പ്രഞ്ജൽ ബറുവ വ്യക്തമാക്കി. കഴിഞ്ഞ ടൂറിസ്റ്റ് സീസണിൽ ഏകദേശം 35,000 വിനോദസഞ്ചാരികൾ വന്യജീവി സങ്കേതം സന്ദർശിച്ചുവെന്നും ആകെ വരുമാനം 62 ലക്ഷം രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.