അമിത് ഷായ്ക്ക് ജന്മ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി: നന്ദി പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി | Amit Shah
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ 61-ാം ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ആശംസകൾ നേർന്നു. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താനുള്ള അമിത് ഷായുടെ അക്ഷീണമായ പരിശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് ആശംസകൾ അറിയിച്ചത്.(PM wishes Amit Shah on his birthday)
"ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജന്മദിനാശംസകൾ. പൊതുസേവനത്തിലുള്ള അദ്ദേഹത്തിന്റെ സമർപ്പണവും കഠിനാധ്വാനവും ഏറെ പ്രകീർത്തിക്കപ്പെട്ടതാണ്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഓരോ ഇന്ത്യക്കാരനും സുരക്ഷിതത്വവും അന്തസ്സും നിറഞ്ഞ ജീവിതം നയിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും അദ്ദേഹം പ്രശംസനീയമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു," മോദി കുറിച്ചു.
പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് അമിത് ഷാ
പ്രധാനമന്ത്രിയുടെ ആശംസകൾക്ക് നന്ദി അറിയിച്ചുകൊണ്ട് അമിത് ഷാ മറുപടി നൽകി. "ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, താങ്കളുടെ ആശംസകൾക്ക് നന്ദി. പ്രചോദനാത്മകമായ വാക്കുകൾ രാഷ്ട്രത്തെ മികച്ച രീതിയിൽ സേവിക്കാൻ കരുത്തേകുന്നു. വികസിത രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള യാത്രയിൽ പിന്തുണയ്ക്ക് നന്ദി," അദ്ദേഹം എക്‌സിൽ കുറിച്ചു.
മറ്റ് നേതാക്കളുടെ ആശംസകൾ
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അമിത് ഷായ്ക്ക് ആശംസകൾ നേർന്നു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ സാഹചര്യം ശക്തമാക്കുന്നതിനും നക്സലിസത്തെ ചെറുക്കുന്നതിനും കേന്ദ്ര ആഭ്യന്തര മന്ത്രി നടത്തിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉൾപ്പെടെയുള്ള പ്രമുഖരും ആശംസകൾ അറിയിച്ചിട്ടുണ്ട്.
ജന്മദിനവും ബെസ്തു വരസും
ഗുജറാത്തിലെ പുതുവത്സര ദിനമായ 'ബെസ്തു വരസും' അമിത് ഷായുടെ ജന്മദിനവും ഈ വർഷം ഒരേ ദിവസമാണ് വന്നത്. തന്‍റെ വസതിയായ റോയൽ ക്രസന്റ് ബംഗ്ലാവിൽ അമിത് ഷാ പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നുണ്ട്. ബിജെപി പ്രവർത്തകർ രക്തദാന ക്യാമ്പുകൾ നടത്തിയും സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചുമാണ് ഈ ദിനം ആഘോഷിക്കുന്നത്.