ന്യൂഡൽഹി : ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്ക് ശേഷം, സെപ്റ്റംബർ 1 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. പ്രസിഡന്റ് പുടിനെ കാണുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം എസ്‌സിഒ പ്ലീനറി സെഷനെ അഭിസംബോധന ചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി സ്ഥിരീകരിച്ചു.(PM Narendra Modi to meet President Vladimir Putin in Tianjin today)
റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് കുറയ്ക്കാൻ ട്രംപ് ഭരണകൂടത്തിൽ നിന്ന് ഇന്ത്യ നിരന്തരമായ സമ്മർദ്ദം നേരിടുന്ന സമയത്താണ് ഈ കൂടിക്കാഴ്ച. ഇത് ഏറെ പ്രാധാന്യം ഉള്ളതാണ്. ട്രംപിന്റെ രണ്ടാമത്തെ വരവിന് ശേഷം നരേന്ദ്ര മോദിയും വ്‌ളാഡിമിർ പുടിനും നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. 2024 ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും അവസാനമായി കൂടിക്കാഴ്ച നടത്തിയത്.
യുഎസ് തീരുവകൾക്ക് ഇന്ത്യ ഇതുവരെ തിരിച്ചടി നൽകിയിട്ടില്ലെങ്കിലും, റഷ്യയുമായുള്ള സൗഹൃദം ശക്തിപ്പെടുത്താനും ചൈനയുമായുള്ള ബന്ധം പുനഃക്രമീകരിക്കാനും കഴിഞ്ഞ ആഴ്ചകളിൽ ശ്രമിച്ചു.