ന്യൂഡൽഹി: തന്റെ അച്ഛന്റെ മധുരം കഴിപ്പിക്കൽ ശീലം മാറ്റാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പങ്കുവെച്ച വീഡിയോയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള മറുപടി (PM Modi Viral Reel) ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ യുവരാജ് ദുവയാണ് ‘അച്ഛന്റെ മധുരപലഹാരങ്ങളോടുള്ള പ്രിയം കുറപ്പിച്ചു തരുമോ’ (Sugar kam karwa do Papa ki) എന്ന തലക്കെട്ടോടെ രസകരമായ ഒരു വീഡിയോ പങ്കുവെച്ചത്. തന്റെ അച്ഛന് പ്രധാനമന്ത്രിയോടുള്ള ആരാധനയും അദ്ദേഹം പറയുന്നത് കല്പനയായി അനുസരിക്കുന്ന സ്വഭാവവും മുൻനിർത്തിയായിരുന്നു യുവരാജിന്റെ ഈ സ്പെഷ്യൽ റിക്വസ്റ്റ്.
താൻ പറയുന്നത് അച്ഛൻ കേൾക്കില്ലെന്നും എന്നാൽ മോദിജി ഒരു വാക്ക് പറഞ്ഞാൽ അച്ഛൻ മധുരം ഉപേക്ഷിക്കുമെന്നും വീഡിയോയിൽ യുവരാജ് തമാശരൂപേണ പറഞ്ഞു. ഇന്ത്യൻ അച്ഛന്മാരുടെ ഇടയിൽ പ്രധാനമന്ത്രിക്കുള്ള സ്വാധീനത്തെക്കുറിച്ചും വീഡിയോയിൽ പരാമർശമുണ്ട്. വീഡിയോ കണ്ട പ്രധാനമന്ത്രി അത് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ റീഷെയർ ചെയ്യുകയും യുവരാജിന്റെ അച്ഛനും ഒപ്പം രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കാനുള്ള ഉപദേശം നൽകുകയും ചെയ്തു.
“യുവരാജിന്റെ അഭ്യർത്ഥന പ്രകാരം, അമിതമായ മധുരപലഹാരങ്ങൾ കഴിക്കുന്നത് കുറയ്ക്കാൻ ഞാൻ അദ്ദേഹത്തിന്റെ അച്ഛനോടും എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കൂ,” എന്നാണ് മോദി കുറിച്ചത്. അമിതമായ മധുരം ഉപയോഗിക്കുന്നത് അമിതവണ്ണത്തിനും മറ്റ് രോഗങ്ങൾക്കും കാരണമാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യോഗ ജീവിതത്തിന്റെ ഭാഗമാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി തന്റെ വീഡിയോ റീഷെയർ ചെയ്തത് വിശ്വസിക്കാനാവുന്നില്ലെന്നും സ്വപ്നതുല്യമായ നിമിഷമാണെന്നും യുവരാജ് ദുവ പിന്നീട് പ്രതികരിച്ചു.
View this post on Instagram

