ന്യൂഡൽഹി: ഇന്ത്യ അതിവേഗം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi Rajya Sabha). രാജ്യം ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുകയാണെന്നും വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്കാണ് നാം പ്രവേശിക്കുന്നതെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. എന്നാൽ പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തുകയും പിന്നീട് സഭ ബഹിഷ്കരിക്കുകയും ചെയ്തു.
ഇന്ത്യയിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിന് സാധിച്ചു. രാജ്യത്തിന്റെ വികസന ദിശ വ്യക്തമാണ്, ഇനി പിന്നോട്ടില്ല. മുൻപ് ഇന്ത്യയുമായി കരാറുകളിൽ ഏർപ്പെടാൻ ആരും തയ്യാറാകാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാൽ അമേരിക്കയും യൂറോപ്യൻ യൂണിയനുമായുള്ള പുതിയ കരാറുകൾ ഇന്ത്യയുടെ വിശ്വാസ്യത വർദ്ധിപ്പിച്ചു-പ്രധാനമന്ത്രി സഭയിൽ പറയുന്നു. ഇന്ത്യ നിരന്തരം ചെറുപ്പമാവുകയാണ്. എല്ലാ മേഖലകളിലും രാജ്യം ആഗോളതലത്തിൽ മത്സരിക്കാൻ സജ്ജമായികഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം , പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്. പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്തുകയാണെന്ന് ആരോപിച്ച് അവർ മുദ്രാവാക്യം വിളിച്ചു. മോദി മോദി വിളികളോടെയാണ് ഭരണപക്ഷാംഗങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റത്. മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിനെച്ചൊല്ലി ലോക്സഭ ഇന്നും സ്തംഭിച്ചിരുന്നു. ചർച്ചകളില്ലാതെയാണ് ലോക്സഭ നന്ദിപ്രമേയം പാസാക്കിയത്.

