വിവിധ സമുദ്രമേഖലാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി മോദി നിർവഹിച്ചു
കൊച്ചി : ഗുജറാത്തിലെ ഭാവ്‌നഗറിൽ നടന്ന 'സമുദ്ര സേ സമൃദ്ധി' ചടങ്ങിൽ, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 34,200 കോടിയിലധികം രൂപയുടെ വിവിധ സമുദ്രമേഖലാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. ഇത് ഇന്ത്യയുടെ ബ്ലൂ സമ്പദ്‌വ്യവസ്ഥ (blue economy) വളർച്ചയുടെ പുതിയ യുഗം കുറിക്കുന്നതുകുടിയാണ്.
ഇതിന്റെ ഭാഗമായി ഭാഗമായി, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് (MoPSW) കീഴിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സി.എസ്.എൽ), ഇന്ത്യയുടെ കപ്പൽ നിർമ്മാണ, സമുദ്ര ഗതാഗത ശേഷികൾ ത്വരിതപ്പെടുത്തുന്നതിനായി ധാരണാപത്രങ്ങളിൽ (MoUs) ഒപ്പുവെച്ചു.
സി.എസ്.എൽ–എച്ച്.ഡി കെ.എസ്.ഒ.ഇ ധാരണാപത്രം: ആഗോള സഹകരണം ശക്തിപ്പെടുത്തുന്നു
ദക്ഷിണ കൊറിയയിൽ നിന്നുള്ള ലോകത്തിലെ മുൻനിര ഷിപ്പ്‌യാർഡുകളിലൊന്നായ എച്ച്.ഡി കൊറിയ ഷിപ്പ് ബിൽഡിംഗ് & ഓഫ്‌ഷോർ എഞ്ചിനീയറിംഗുമായി (HD KSOE) സി.എസ്.എൽ ധാരണയിലായി.
ഈ ധാരണാപത്രം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്:
അത്യാധുനിക കപ്പൽ നിർമ്മാണ സഹകരണം – എച്ച്.ഡി കെ.എസ്.ഒ.ഇ-യുടെ നൂതന സാങ്കേതികവിദ്യയും സി.എസ്.എല്ലിന്റെ അടിസ്ഥാന സൗകര്യങ്ങളും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുന്നു.
ഉത്പാദനക്ഷമതയും നൂതനാശയങ്ങളും – ആഗോളതലത്തിലെ മികച്ച പ്രവർത്തനങ്ങളെ ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭവുമായി സംയോജിപ്പിക്കുന്നു.
മാരിടൈം ഇന്ത്യ വിഷൻ 2030, അമൃത് കാൽ വിഷൻ 2047 – ആഗോള കപ്പൽ നിർമ്മാണ കേന്ദ്രമാകാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തെ ഇത് ശക്തിപ്പെടുത്തുന്നു.
ഈ സഹകരണം ഇന്ത്യയുടെ കപ്പൽ നിർമ്മാണ ശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക കപ്പലുകൾ വികസിപ്പിക്കാനും സി.എസ്.എല്ലിനെ പ്രാപ്തമാകും.
സി.എസ്.എൽ–തമിഴ്‌നാട് പങ്കാളിത്തം: ആഭ്യന്തര കപ്പൽ നിർമ്മാണ അവസരങ്ങൾ വികസിപ്പിക്കും
തമിഴ്‌നാട്ടിൽ കപ്പൽ നിർമ്മാണത്തിനും അനുബന്ധ വ്യവസായങ്ങൾക്കുമുള്ള അവസരങ്ങൾ കണ്ടെത്താനും വികസിപ്പിക്കാനുമായി തമിഴ്‌നാട് സർക്കാരിന്റെ നിക്ഷേപ പ്രോത്സാഹന ഏജൻസിയായ 'ഗൈഡൻസു'മായി (Guidance) സി.എസ്.എൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പ്രാദേശിക വളർച്ചാ കേന്ദ്രങ്ങൾ ഉണ്ടാകുന്നതിനൊപ്പം കപ്പൽ നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി ശക്തമായ ഒരു ആഭ്യന്തര ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരു ചുവടുവെപ്പാണിത്.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി സമുദ്രമേഖലയുമായി ബന്ധപ്പെട്ട നിരവധി വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സമഗ്രവും സുസ്ഥിരവുമായ വികസനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായി, ഗുജറാത്തിലെ വിവിധ മേഖലകൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.
സി.എസ്.എല്ലിനെക്കുറിച്ച്
കേരളത്തിലെ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സി.എസ്.എൽ), ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ നിർമ്മാണ, അറ്റകുറ്റപ്പണിശാലയാണ്. ഇതിന് രാജ്യവ്യാപകമായി സാന്നിധ്യമുണ്ട്. വിമാനവാഹിനിക്കപ്പലുകൾ മുതൽ പ്രത്യേക വാണിജ്യ കപ്പലുകൾ വരെ ഇന്ത്യയിലെ ഏറ്റവും നൂതനമായ കപ്പലുകൾ നിർമ്മിക്കുകയും, 2000-ത്തിലധികം കപ്പലുകളുടെ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രവർത്തന പാരമ്പര്യമുള്ള സി.എസ്.എൽ, ഇന്ത്യയുടെ സമുദ്രമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന സ്ഥാപനം കൂടിയാണ്.