ന്യൂഡൽഹി: കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി തിരഞ്ഞെടുക്കപ്പെട്ട 61,000-ത്തിലധികം ഉദ്യോഗാർത്ഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമന ഉത്തരവുകൾ വിതരണം ചെയ്തു. വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന ചടങ്ങിൽ ഉദ്യോഗാർത്ഥികളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, രാജ്യത്തിന്റെ വികസന കുതിപ്പിൽ യുവാക്കളുടെ പങ്കിനെക്കുറിച്ച് ഊന്നിപ്പറഞ്ഞു.(PM Modi hands over 61,000 appointment orders to youth)
രാജ്യത്തുടനീളം 45 കേന്ദ്രങ്ങളിലായാണ് 18-ാമത് റോസ്‌ഗാർ മേള സംഘടിപ്പിച്ചത്. പദ്ധതി ആരംഭിച്ചത് മുതൽ ഇതുവരെ വിവിധ റോസ്‌ഗാർ മേളകളിലൂടെ 11 ലക്ഷത്തിലധികം നിയമന ഉത്തരവുകൾ നൽകാൻ കേന്ദ്ര സർക്കാരിന് സാധിച്ചു. ആഭ്യന്തര മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് തുടങ്ങി വിവിധ മന്ത്രാലയങ്ങളിലേക്കാണ് പുതിയ നിയമനങ്ങൾ നടന്നിട്ടുള്ളത്.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പ്രഥമ പരിഗണന നൽകുക എന്ന സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സുതാര്യവും വേഗത്തിലുള്ളതുമായ നിയമന പ്രക്രിയയിലൂടെ യുവാക്കളെ രാഷ്ട്രനിർമ്മാണത്തിന്റെ ഭാഗമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതുതായി ജോലിയിൽ പ്രവേശിച്ചവർക്ക് സർക്കാർ നയങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും അവബോധം നൽകുന്നതിനായി 'കർമ്മയോഗി പ്രാരംഭ്' എന്ന ഓൺലൈൻ ഓറിയന്റേഷൻ കോഴ്സും ലഭ്യമാക്കിയിട്ടുണ്ട്.