ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന കൂടിക്കാഴ്ചയിൽ പ്രിയങ്ക ഗാന്ധിയോട് വയനാട്ടിലെ സാഹചര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തിരക്കി. ദുരന്തബാധിത മേഖലയിലെ പുനരധിവാസ പ്രവർത്തനങ്ങളെക്കുറിച്ചും നിലവിലെ അവസ്ഥയെക്കുറിച്ചും പ്രിയങ്ക പ്രധാനമന്ത്രിയോട് വിശദീകരിച്ചു.(PM Modi asks about the situation in Wayanad, Priyanka Gandhi says central help is needed)
ദുരന്തത്തിന് ശേഷമുള്ള വയനാടിന്റെ അവസ്ഥയെക്കുറിച്ച് മോദി ചോദിച്ചപ്പോൾ, പുനരധിവാസത്തിന് കേന്ദ്രസഹായം ആവശ്യമാണെന്ന് പ്രിയങ്ക സൂചിപ്പിച്ചു. എന്നാൽ ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി കൃത്യമായ ഉറപ്പുകൾ നൽകിയോ എന്ന് വ്യക്തമല്ല. താൻ മലയാളം പഠിച്ചുകൊണ്ടിരിക്കുകയാണെന്ന രസകരമായ വിവരം പ്രിയങ്ക പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.
കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രനെ പ്രധാനമന്ത്രി പ്രശംസിച്ചു. സഭയിൽ കൃത്യമായി ഗൃഹപാഠം ചെയ്ത് വരികയും കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യുന്ന നേതാവാണ് പ്രേമചന്ദ്രനെന്ന് മോദി അഭിപ്രായപ്പെട്ടു. വയനാട് പുനരധിവാസത്തിനായി കേന്ദ്രസർക്കാർ 529.50 കോടി രൂപയുടെ പലിശരഹിത മൂലധന നിക്ഷേപ വായ്പ അനുവദിച്ചിരുന്നു.
ടൗൺഷിപ്പ് നിർമ്മാണം, റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ എന്നിവയുൾപ്പെടെ 16 പദ്ധതികൾക്കാണ് ഈ തുക അനുവദിച്ചത്. 50 വർഷം കൊണ്ട് തിരിച്ചടച്ചാൽ മതിയാകും. എന്നാൽ, ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31-നകം തുക ചെലവഴിക്കണമെന്ന കേന്ദ്ര നിർദ്ദേശം പ്രായോഗികമല്ലെന്ന് കേരള ധനവകുപ്പ് അറിയിച്ചിട്ടുണ്ട്.