
തൂത്തുക്കുടി: ദ്വിദിന സന്ദർശനത്തിനായി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെത്തിയ നരേന്ദ്ര മോദി ശനിയാഴ്ച 4,900 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു(Thoothukudi airport). വ്യോമയാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 450 കോടി രൂപ ചെലവിൽ നിർമ്മിച്ച തൂത്തുക്കുടി വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു.
ലോകോത്തര വ്യോമ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും വിമാനത്താവളത്തിലെ പുതിയ ടെർമിനൽ നിര്ണായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. 17,340 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ ടെർമിനലിൽ തിരക്കേറിയ സമയങ്ങളിൽ പോലും 1,350 യാത്രക്കാരെവരെ ഉൾകൊള്ളാൻ കഴിയും.
മാത്രമല്ല; തെക്കൻ തമിഴ്‌നാട്ടിലെ ടൂറിസം, വ്യാപാരം, നിക്ഷേപം എന്നിവയെ ഉത്തേജിപ്പിക്കാൻ വിമാനത്താവളം വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.