ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷത്തെ ദീപാവലി ആഘോഷിച്ചത് നാവികസേനയ്‌ക്കൊപ്പം. ഗോവ തീരത്തുള്ള തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ്. വിക്രാന്തിലെ നാവിക ഉദ്യോഗസ്ഥർക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്.(PM celebrates Diwali with Navy in INS Vikrant)
സൈനിക വേഷത്തിലെത്തിയ പ്രധാനമന്ത്രി നാവിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു എന്ന് മോദി പറഞ്ഞു. സൈനികരുടെ സമർപ്പണത്തെയും ത്യാഗത്തെയും പ്രധാനമന്ത്രി പുകഴ്ത്തി.
ഇന്നലെ രാത്രി ഐ.എൻ.എസ്. വിക്രാന്തിലാണ് കഴിഞ്ഞതെന്നും, സാധാരണ ഉണ്ടാവാറുള്ളതിൽ നിന്ന് വ്യത്യസ്തമായി വളരെ വേഗം സന്തോഷത്തോടെ ഉറങ്ങാൻ സാധിച്ചു എന്നും അദ്ദേഹം വെളിപ്പെടുത്തി. "എന്റെ കുടുംബം നിങ്ങളാണ്. അതുകൊണ്ട് നിങ്ങൾക്കൊപ്പമാണ് ദീപാവലി," അദ്ദേഹം കൂട്ടിച്ചേർത്തു. "ഐ.എൻ.എസ്. വിക്രാന്തിന്റെ വീര ഭൂമിയിൽ നിന്നും രാജ്യത്തെ എല്ലാവർക്കും ദീപാവലി ആശംസകൾ" അദ്ദേഹം നേർന്നു.
ഐ.എൻ.എസ്. വിക്രാന്ത് രാജ്യത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്വദേശിയായി നിർമ്മിച്ച വിക്രാന്ത് ലഭിച്ച ദിവസം മുതൽ ഇന്ത്യൻ നാവിക സേന 'മെയ്ഡ് ഇൻ ഇന്ത്യ' എന്ന വലിയ സന്ദേശം നൽകിയിട്ടുണ്ട്. വിക്രാന്ത് സൈനിക ക്ഷമതയുടെ പ്രതിബിംബമാണെന്നും, കേവലം പേര് കൊണ്ട് മാത്രം മുൻപ് മുഴുവൻ പാകിസ്ഥാനെ രാത്രി മുഴുവൻ ഉണർത്തി നിർത്തിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.