ഡല്‍ഹി : ഡല്‍ഹിയിലെ പ്രേംനഗര്‍ പ്രദേശത്ത് ആറുവയസ്സുകാരന് നേര്‍ക്ക് പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയുടെ ആക്രമണം. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തു. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ഞായറാഴ്ച വൈകുന്നേരം കുട്ടി വീടിന് പുറത്ത് കളിക്കുന്നതിനിടെയാണ് വളര്‍ത്തുനായ ആക്രമിച്ചത്. കുട്ടിയെ നായ കടിച്ചുകുടയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നായയെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴേക്ക് കുട്ടിയുടെ നേര്‍ക്ക് നായ ചാടിവീഴുകയും കടിച്ചുകുടയുകയുമായിരുന്നു.
നായ്‌ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ നായയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചിരുന്നു. ഒടുവില്‍ സമീപത്തുണ്ടായിരുന്ന ഒരാള്‍ കുട്ടിയുടെ കാലിൽപിടിച്ച് വലിച്ച് നായയുടെ കൈയില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത പോലീസ് നായയുടെ ഉടമയായ രാജേഷ് പാലിനെ (50) അറസ്റ്റ് ചെയ്തു.