ബാരാമതി: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായൻ അജിത് പവാറിന്റെ ജീവനെടുത്ത വിമാനാപകടം ഒരു കുടുംബത്തിന്റെ മാത്രമല്ല, ഇന്ത്യൻ വ്യോമയാന മേഖലയിലെ ഒരു വളർന്നുവരുന്ന വാഗ്ദാനത്തിന്റെ കൂടി ചിറകരിഞ്ഞു കളഞ്ഞു. അജിത് പവാറിനെ വഹിച്ചുകൊണ്ടുള്ള വിമാനത്തിന്റെ ഫസ്റ്റ് ഓഫീസറായിരുന്ന ക്യാപ്റ്റൻ ശാംഭവി പഥക് എന്ന യുവ പൈലറ്റിന്റെ വിയോഗം നടുക്കത്തോടെയാണ് രാജ്യം കേട്ടത്.(Pilot Shambhavi Pathak Among 5 Dead In Plane Crash That Killed Ajit Pawar)
ഒരു സൈനികോദ്യോഗസ്ഥന്റെ മകളായ ശാംഭവി വ്യോമസേനയുടെ അന്തരീക്ഷത്തിലാണ് വളർന്നത്. ഡൽഹിയിലെ എയർ ഫോഴ്‌സ് ബൽ ഭാരതി സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ആകാശസീമകൾ കീഴടക്കണമെന്ന ആഗ്രഹം അവൾക്കുണ്ടായിരുന്നു. ആ ലക്ഷ്യബോധമാണ് അവളെ ന്യൂസിലൻഡിലെ ഇന്റർനാഷണൽ കൊമേഴ്‌സ്യൽ പൈലറ്റ് അക്കാദമിയിൽ എത്തിച്ചത്. അവിടെ നിന്ന് കൊമേഴ്‌സ്യൽ പൈലറ്റ് ട്രെയിനിംഗും ഫ്‌ളൈറ്റ് ക്രൂ ട്രെയിനിംഗും പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തി.
മുംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എയ്‌റോനോട്ടിക്‌സ്, ഏവിയേഷൻ ആൻഡ് എയ്‌റോസ്‌പേസിൽ ബിഎസ്‌സി ബിരുദം നേടിയ ശാംഭവി, പൈലറ്റ് എന്നതിലുപരി ഒരു അധ്യാപിക കൂടിയായിരുന്നു. മധ്യപ്രദേശ് ഫ്‌ളൈയിങ് ക്ലബ്ബിലെ അസിസ്റ്റന്റ് ഫ്‌ളൈയിങ് ഇൻസ്ട്രക്ടറായിരുന്ന അവർ, നിരവധി യുവ പൈലറ്റുമാർക്ക് മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്.
കേവലം 25 വയസ്സിനുള്ളിൽ തന്നെ അത്ഭുതകരമായ നേട്ടങ്ങളാണ് ശാംഭവി സ്വന്തമാക്കിയത്. 1500 മണിക്കൂറിലധികം വിമാനം പറത്തിയുള്ള പരിചയം അവർ നേടി. ഡിജിസിഎയിൽ നിന്നുള്ള കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസിന് പുറമെ, ന്യൂസിലൻഡ് സിഎഎ ലൈസൻസും എടിപിഎൽ ലൈസൻസും അവർക്കുണ്ടായിരുന്നു.
എ320 വിമാനങ്ങൾക്കായുള്ള ജെറ്റ് ഓറിയന്റേഷൻ ട്രെയിനിംഗും സ്പൈസ് ജെറ്റിൽ നിന്നുള്ള ഏവിയേഷൻ സെക്യൂരിറ്റി സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ 08:10-ന് മുംബൈയിൽ നിന്ന് പറന്നുയർന്ന വിമാനം, ബാരാമതിയിൽ അടിയന്തര ലാൻഡിംഗിനിടെയാണ് അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥയും ദൃശ്യപരത കുറഞ്ഞതും വെല്ലുവിളിയായപ്പോൾ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ പരമാവധി ശ്രമിച്ചെങ്കിലും വിധി മറ്റൊന്നായിരുന്നു. പൈലറ്റ് ഇൻ കമാൻഡ് ക്യാപ്റ്റൻ സുമിത് കപൂറിനൊപ്പം വിമാനം നിയന്ത്രിച്ചിരുന്ന ശാംഭവി അപകടസ്ഥലത്ത് തന്നെ മരണപ്പെട്ടു.