മുംബൈ : മുംബൈ നഗരത്തില്‍ പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം.ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നുവെന്ന വിലയിരുത്തലിൽ ദാദറിലെ ചരിത്ര പ്രസിദ്ധമായ കബൂബത്തര്‍ഖാന ഉള്‍പ്പെടെ ബിഎംസി അധികൃതര്‍ ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് മറച്ച പശ്ചാത്തലത്തിലാണ് പ്രതിഷേധം ഉണ്ടായിരിക്കുന്നത്.
മുംബൈ നഗരത്തിന്റെ അടയാളമായി മാറിയ പ്രാവുകളെ കൂട്ടത്തോടെ നശിപ്പിക്കുന്നതാകും പുതിയ വിലക്കെന്ന് ആരോപിച്ചുകൊണ്ടാണ് മൃഗസ്‌നേഹികള്‍ രംഗത്തെത്തിയിരിക്കുന്നു. പൊതുസ്ഥലത്ത് പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് മാനിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കാമെന്ന് ബോംബെ ഹൈക്കോടതി ബിഎംസിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന് പിന്നാലെ സംസ്ഥാനത്ത് ആദ്യ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രാവുകളുടെ എണ്ണത്തിലുള്ള ക്രമാതീതമായ വര്‍ധന ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണെന്നാണ് കോടതിയുടെ നിരീക്ഷണം.