
മോതിഹാരി: ബീഹാറിലെ കിഴക്കൻ ചമ്പാരനിലെ മോതിഹാരിയിൽ, പെട്രോൾ പമ്പിലെ ജീവനക്കാരനെ അക്രമികൾ ക്രൂരമായി മർദ്ദിച്ചു. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തല തല്ലി പൊട്ടിച്ച ശേഷം അവർ ഓടി രക്ഷപ്പെട്ടു. ജീവനക്കാരന്റെ തലയിൽ നിന്ന് ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്നൊലിച്ചു. ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി.
ക്യാബിനിൽ കയറി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ജീവനക്കാരനെ മർദിക്കുന്ന സാമൂഹിക വിരുദ്ധരുടെ മുഖങ്ങൾ അവിടെ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകുകയാണ്. മോതിഹാരിയിലെ കേസരിയ പോലീസ് സ്റ്റേഷൻ പരിധിയിലെ രാജ്പൂർ ചൗക്കിന് സമീപമുള്ള ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലാണ് സംഭവം. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആയുധധാരികളായ ചില സാമൂഹിക വിരുദ്ധർ ക്യാബിനിൽ കയറി തൊഴിലാളിയെ ക്രൂരമായി മർദ്ദിക്കുന്നതായാണ് ദൃഡശ്യങ്ങളിൽ കാണുന്നത്.
സംഭവത്തെക്കുറിച്ച് പരിക്കേറ്റ ജീവനക്കാരൻ പറയുന്നത്- ''ചിലർ പെട്രോൾ പമ്പിൽ പെട്രോൾ വാങ്ങാൻ വന്നിരുന്നു. 330 രൂപയുടെ പെട്രോൾ നിറച്ച ശേഷം, എണ്ണയുടെ പണം ആവശ്യപ്പെട്ടപ്പോൾ അവർ എന്നെ മർദിക്കുകയായിരുന്നു. ഇതേക്കുറിച്ച് പരാതിപ്പെടാൻ ക്യാബിനിലുള്ള ഓഫീസിലേക്ക് പോയപ്പോൾ, സാമൂഹിക വിരുദ്ധർ ഓഫീസിലേക്ക് കയറി അവിടെ വച്ചും ക്രൂരമായി മർദിക്കുകയായിരുന്നു.
ഇത് പോരാതെ വന്നപ്പോൾ, അവർ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തല അടിച്ചു തകർത്തു. തലയിൽ നിന്ന് രക്തം ഒഴുകുന്നത് കണ്ട് അക്രമികളെല്ലാം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.''
സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.