ന്യൂഡൽഹി: കേരളത്തിലെ എസ് ഐ ആർ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി സുപ്രധാന നിർദ്ദേശം നൽകി. എസ്.ഐ.ആർ നടപടികൾ നീട്ടുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി നിവേദനം നൽകാൻ കേരളത്തോട് കോടതി ആവശ്യപ്പെട്ടു. നിവേദനം ലഭിച്ചാൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് അനുഭാവപൂർണ്ണമായ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു.(Petition should be filed with the Election Commission to extend the SIR date in Kerala, says Supreme Court)
കേരളത്തിൽ എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് നൽകേണ്ട അവസാന തീയതി ഇന്നാണ്. എന്നാൽ 25 ലക്ഷത്തോളം പേർ ഇനിയും പട്ടികയ്ക്ക് പുറത്താണെന്നും അതിനാൽ നടപടികൾ മൂന്നാഴ്ചയെങ്കിലും നീട്ടി നൽകണമെന്നും സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു.
തീയതി ഇനിയും നീട്ടുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ സ്വീകരിച്ചത്. എന്നാൽ, കേരളത്തിലെ സവിശേഷമായ സാഹചര്യം കണക്കിലെടുത്ത് കമ്മീഷനെ തന്നെ സമീപിക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിൽ വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ പലർക്കും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ലക്ഷക്കണക്കിന് ആളുകൾ പട്ടികയിൽ നിന്ന് പുറത്താകുന്നത് ജനാധിപത്യപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും സംസ്ഥാനം വാദിച്ചു. ബംഗാൾ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ കരട് പട്ടിക ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേസ് ജനുവരി ആറിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.