ന്യൂഡൽഹി: എഴുത്തുകാരി അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ കേരള ഹൈക്കോടതിയിൽ ഹർജി നൽകിയ വ്യക്തി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. പുസ്തകത്തിന്റെ കവർ പേജിൽ പുകവലിക്കുന്ന ചിത്രം ഉൾപ്പെടുത്തിയതിനെത്തുടർന്നാണ് നിയമപോരാട്ടം.(Petition against Arundhati Roy's book, Petitioner moves Supreme Court)
അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി' എന്ന പുസ്തകത്തിന്റെ വിൽപ്പന തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. അനാവശ്യ കാര്യങ്ങൾക്കായി പൊതുതാൽപര്യ ഹർജികളെ ദുരുപയോഗം ചെയ്യരുതെന്ന് കോടതി ഹർജിക്കാരന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
'പുകവലി ആരോഗ്യത്തിന് ഹാനികരം' എന്ന നിയമപരമായ മുന്നറിയിപ്പ് പുസ്തകത്തിന്റെ മുൻചട്ടയിൽ, വ്യക്തമായ രീതിയിൽ നൽകിയിട്ടില്ലെന്നാണ് ഹർജിക്കാരന്റെ പ്രധാന വാദം. പുസ്തകത്തിന്റെ പിന്നിൽ നൽകിയിട്ടുള്ള മുന്നറിയിപ്പ് നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല.
ഈ വിഷയം ഹൈക്കോടതി വേണ്ടത്ര പരിശോധിച്ചില്ല. നിയമപരമായ രീതിയിൽ മുൻചട്ടയിൽ തന്നെ മുന്നറിയിപ്പ് നൽകണം. 'മദർ മേരി കംസ് ടു മി' എന്ന പുസ്തകത്തിന്റെ വിൽപ്പന പൂർണ്ണമായും തടയണം എന്നാണ് സുപ്രീം കോടതിയിൽ നൽകിയ അപ്പീലിലെ ആവശ്യം. പുസ്തകത്തിന്റെ പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചത്, പുകവലി ചിത്രം ഉപയോഗിച്ചത് പ്രതീകാത്മകമായിട്ടാണെന്നും, പുറം ചട്ടയിൽ ആരോഗ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നുമാണ്.