

താമസിക്കാൻ വീടില്ലാത്തത് കൊണ്ട് റോഡിലും കടകളുടെ വരാന്തയിലുമെല്ലാം കിടക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ബെംഗളൂരുവിൽ ഒരാളുടെ ഉറക്കവും വിശ്രമവുമെല്ലാം ഒരു ഫ്ലൈഓവർ തൂണിനും സ്പാനിനും ഇടയിലെ ചെറിയ സ്ഥലത്താണ്. ഫ്ലൈഓവറിന് താഴെ കൂടി നിരവധി വാഹങ്ങൾ പോകുന്നതും അയാൾ ഇതൊന്നും ശ്രദ്ധിക്കാതെ ഫ്ലൈഓവറിന് മുകളിൽ കിടന്നുറങ്ങുന്നതുമെല്ലാം വീഡിയോയിലുണ്ട്. (Bengaluru)
വീഡിയോ എടുക്കുന്ന ഭാഗത്തേക്ക് നോക്കിയാണ് ഇയാൾ ഇരുന്നിരുന്നതെങ്കിലും യാതൊരു വിധ ചലനവും ഇയാളിൽ നിന്നും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയം. ഫ്ലൈഓവറിന്‍റെ തൂണിന് മുകളില്‍ ആളിരിക്കുന്നത് താഴെ നിന്നും ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് ആളുകളില്‍ പരിഭ്രാന്തി പരത്തിയെന്നും വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ പറയുന്നു. അതേസമയം താഴത്തെ ബഹളങ്ങളൊന്നും മുകളിൽ ഇരിക്കുന്ന ആൾ അറിഞ്ഞമട്ടില്ലെന്നും പോലീസിനേയും ബന്ധപ്പെട്ട മറ്റ് അധികാരികളേയും വിവരം അറിയിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു. വീഡിയോ ഇതിനകം ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം പേരാണ് കണ്ടത്. പിന്നാലെ, രാജ്യത്ത് ഉയരുന്ന ഭവനരഹിതരുടെ എണ്ണത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായി.
പോലീസ് വന്നിട്ട് എന്ത് സംഭവിച്ചു എന്നതായിരുന്നു മറ്റു ചിലർക്ക് അറിയേണ്ടത്. ഇത്രയും ഉയരെ പരസഹായമില്ലാതെ എത്താൻ കഴിയില്ലെന്നും അയാൾ അവിടെയ്ക്ക് എങ്ങനെ കയറിയെന്നും നിരവധി പേര്‍ ചോദിച്ചു. ബെംഗളൂരു നഗരത്തിന്‍റെ സുരക്ഷയെ കുറിച്ച് മറ്റ് ചിലര്‍ ആശങ്കപ്പെട്ടു.