

അഹമ്മദാബാദ്: വർഷങ്ങൾക്ക് ശേഷം ഗുജറാത്തിൽ കടുവയുടെ സ്ഥിരസാന്നിധ്യം കണ്ടെത്തി. മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ, ഒരു കടുവ രത്തൻമഹൽ വന്യജീവി സങ്കേതത്തെ അതിൻ്റെ സ്ഥിരം വാസസ്ഥലമാക്കി മാറ്റിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 30 വർഷത്തിലേറെയായി ഗുജറാത്തിൽ കടുവകളുടെ സാന്നിധ്യം രേഖപ്പെടുത്തിയിരുന്നില്ല.(Permanent presence of tiger found in Gujarat after years)
ഫെബ്രുവരിയിലാണ് രത്തൻമഹലിനുള്ളിലെ സി.സി.ടി.വി. ക്യാമറകളിൽ കടുവ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. തുടർന്നുള്ള നിരവധി മാസങ്ങളിൽ ഈ കടുവ വന്യജീവി സങ്കേതത്തിനുള്ളിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചേർന്നു. നിലവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കടുവയുടെ ചലനങ്ങളും ആരോഗ്യവും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കടുവ ശക്തനാണെന്നും മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും വനം വകുപ്പ് അറിയിച്ചു.
പരുക്കൻ കുന്നുകൾ, ഇടതൂർന്ന തേക്ക് വനങ്ങൾ, സമ്പന്നമായ ഗോത്ര പ്രകൃതിദൃശ്യങ്ങൾ എന്നിവയ്ക്ക് പേരുകേട്ട രത്തൻമഹൽ കടുവയുടെ അതിജീവനത്തിന് സുരക്ഷിതമായ പ്രദേശമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കടുവയുടെ നിലനിൽപ്പിനായി വന്യജീവി സങ്കേതത്തിനുള്ളിൽ ഇരകളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്ന നടപടികൾ വനം വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
ഗുജറാത്ത് ഇപ്പോൾ സിംഹങ്ങൾ, പുള്ളിപ്പുലികൾ, കടുവ എന്നിവയുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ഗുജറാത്ത് വനം-പരിസ്ഥിതി മന്ത്രി അർജുൻ മോദ്‌വാഡി പറഞ്ഞു. ഗുജറാത്തിൽ ഒരിക്കൽ കടുവകൾ കാണപ്പെട്ടിരുന്നുവെങ്കിലും ക്രമേണ അവ അപ്രത്യക്ഷമായി. 1989-ൽ ആയിരുന്നു സംസ്ഥാനത്ത് അവസാനമായി കടുവയുടെ സാന്നിധ്യം രേഖപ്പെടുത്തിയത്.
2019-ൽ മഹിസാഗർ ജില്ലയിലേക്ക് ഒരു കടുവ എത്തിയിരുന്നുവെങ്കിലും ആഴ്ചകൾക്കുള്ളിൽ അത് ചത്തുപോയത് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരുന്നു. ഇത്തവണ രത്തൻമഹലിന് ചുറ്റുമുള്ള ശാന്തമായ അന്തരീക്ഷത്തിൽ ഈ കടുവ അതിജീവിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.