ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് വായു മലിനീകരണം വീണ്ടും അതീവ ഗുരുതരാവസ്ഥയിലേക്ക്. തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം വായുനിലവാര സൂചിക (AQI) 400 കടന്നു. മലിനീകരണത്തിനൊപ്പം അതിശക്തമായ മൂടൽമഞ്ഞ് കൂടി അനുഭവപ്പെട്ടതോടെ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.(People in Delhi are suffocating! Air quality is extremely poor, More than 120 flights cancelled)
ഡൽഹിയിലെ ശരാശരി എ ക്യു ഐ 403 ആയി ഉയർന്നു. ആനന്ദ് വിഹാറിൽ ഇത് 459 വരെയും ചാന്ദ്‌നി ചൗക്കിൽ 423 ഉം ആയി രേഖപ്പെടുത്തി. ഐടിഒ അടക്കമുള്ള ഇടങ്ങളിലും വായുനിലവാരം അപകടകരമായ നിലയിലാണ് (400). കടുത്ത മൂടൽമഞ്ഞ് മൂലം കാഴ്ചാപരിധി പൂജ്യത്തിനടുത്തേക്ക് താഴ്ന്നു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 120-ലധികം വിമാന സർവീസുകൾ റദ്ദാക്കി. നിരവധി വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്.
തണുപ്പും മലിനീകരണവും കണക്കിലെടുത്ത് നോയിഡയിലെ സ്കൂളുകൾക്ക് ജനുവരി ഒന്ന് വരെ അവധി പ്രഖ്യാപിച്ചു. വായുനിലവാരം 400 കടന്ന സാഹചര്യത്തിൽ ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലും നിലവിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. വായു മലിനീകരണം തടയാനുള്ള കർശന നടപടികളിലേക്ക് അധികൃതർ കടന്നിട്ടുണ്ട്.